Kerala
കസ്റ്റംസ് പരിശോധനയിൽനിന്ന് രക്ഷപ്പെടാൻ ബാഗേജിലെ ടാഗ് മാറ്റല്‍; കരിപ്പൂരിൽ വിമാന ജീവനക്കാരുടെ സഹായത്തോടെ സ്വർണക്കടത്ത്
Kerala

കസ്റ്റംസ് പരിശോധനയിൽനിന്ന് രക്ഷപ്പെടാൻ ബാഗേജിലെ ടാഗ് മാറ്റല്‍; കരിപ്പൂരിൽ വിമാന ജീവനക്കാരുടെ സഹായത്തോടെ സ്വർണക്കടത്ത്

Web Desk
|
16 Sep 2022 1:56 AM GMT

ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ ഒരുമിച്ചുള്ള സമയമാണ് കടത്തിന് തിരഞ്ഞെടുക്കുന്നത്

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ജീവനക്കാരുടെ സഹായത്തോടെ സ്വർണക്കടത്ത് നടന്നിട്ടുണ്ടെന്ന് കസ്റ്റംസ് പരിശോധനയിൽ കണ്ടെത്തി. അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകൾ ഒരുമിച്ചുള്ളപ്പോഴാണ് സ്വർണക്കടത്ത് നടന്നത്. കഴിഞ്ഞ ദിവസം പിടിയിലായ വിമാന കമ്പനി ജീവനക്കാർ ഇതിനുമുൻപ് മൂന്ന് തവണ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസ് നിഗമനം.

4.9 കിലോഗ്രാം സ്വർണമിശ്രിതം പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് രണ്ട് ജീവനക്കാരെ കഴിഞ്ഞ ദിവസം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. ഇൻഡിഗോയുടെ സീനിയർ എക്സിക്യൂട്ടീവ് റാമ്പ് സൂപ്പർവൈസറായ മലപ്പുറം അരീക്കോട് സ്വദേശി കെ.വി സാജിദ് റഹ്മാൻ, കസ്റ്റമർ സർവീസ് ഏജന്റായ കണ്ണൂർ കൊറ്റാളി അത്താഴക്കുന്ന് സ്വദേശി കെ.പി മുഹമ്മദ് സാമിൽ ഖൈസ് എന്നിവരാണ് അറസ്റ്റിലായത്. ദുബൈയിൽനിന്നെത്തിയ വയനാട് സ്വദേശി അഷ്‌കറലിയുടെ ബാഗേജിലാണ് 2.25 കോടി രൂപ വിലമതിക്കുന്ന സ്വർണം കരിപ്പൂരിലെത്തിയതെന്നും കസ്റ്റംസ് കണ്ടെത്തി.

വിദേശത്തുനിന്ന് വിമാനത്തിൽ വരുന്ന ബാഗേജ് കസ്റ്റംസ് പരിശോധനയ്ക്കുമുൻപായി ബാഗേജിലെ ടാഗ് മാറ്റിയാണ് സ്വർണം പുറത്തെത്തിക്കുന്നത്. ബാഗേജ് ടെർമിനലിലെത്തുന്നതിനുമുൻപ് സ്വർണക്കടത്തിന് സഹായിക്കുന്ന വിമാന കമ്പനി ജീവനക്കാർ തന്നെ ശേഖരിക്കും. തുടർന്ന് ബാഗേജിലെ രാജ്യാന്തര ടാഗ് മാറ്റി പകരം ആഭ്യന്തര ടാഗ് പതിപ്പിക്കും. ആഭ്യന്തര ടാഗ് പതിപ്പിച്ച് കസ്റ്റംസ് പരിശോധന ഒഴിവാക്കുകയാണ് ലക്ഷ്യം. ഇവർ ബാഗേജുകൾ ടെർമിനലിൽനിന്ന് പുറത്തെടുത്ത് വിമാനത്താവളത്തിനു പുറത്തുള്ളവർക്ക് കൈമാറുകയും ചെയ്യുന്നതാണ് രീതി.

ഇത്തരത്തിൽ മൂന്ന് തവണ ബാഗേജുകൾ പുറത്തെത്തിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ നിഗമനം. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ ഒരുമിച്ചുള്ള സമയമാണ് സ്വർണക്കടത്തിന് തിരഞ്ഞെടുക്കുക. വിമാനകമ്പനി ജീവനക്കാരുടെ സ്വർണക്കടത്ത് കണ്ടെത്തിയ സെപ്റ്റംബർ 12ന് ദുബൈ വിമാനം വന്ന സമയത്ത് ചെന്നൈയിൽനിന്നുള്ള ആഭ്യന്തര സർവീസും ഉണ്ടായിരുന്നു. ഏജൻസികൾക്ക് സംശയം തോന്നാനിടയില്ലാത്തതിനാൽ ആഭ്യന്തര ടെർമിനൽ വഴി ബാഗേജുകൾ പുറത്തെത്തിക്കാമെന്നതു കണക്കുകൂട്ടിയാണ് ആഭ്യന്തര-രാജ്യാന്തര സർവീസുകൾ ഒരുമിച്ചുള്ള സമയം തിരഞ്ഞെടുക്കുന്നതെന്നാണ് കസ്റ്റംസ് നിഗമനം. കസ്റ്റംസ് അറസ്റ്റ് ചെയ്ത രണ്ടുപേരെയും മഞ്ചേരി സി.ജെ.എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Summary: Customs inspection found that gold smuggling was done with the help of employees at Calicut international airport, Karipur

Similar Posts