Kerala
സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പം വന്നിട്ടും മഞ്ചേരിയിലേക്ക് വാപ്പ കളികാണാൻ പോയിട്ടില്ല: കെ.ടി ജലീൽ
Kerala

സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പം വന്നിട്ടും മഞ്ചേരിയിലേക്ക് വാപ്പ കളികാണാൻ പോയിട്ടില്ല: കെ.ടി ജലീൽ

Web Desk
|
7 Jun 2022 2:39 PM GMT

സ്വർണക്കടത്തു കേസിൽ ജലീലിന്റെ ഇടപെടലിനെകുറിച്ചും സ്വപ്‌ന മൊഴി നൽകിയതായാണ് വിവരം

തവനൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്‌ന സുരേഷ് ഗുരുതര ആരോപണവുമായി രംഗത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി മുൻ മന്ത്രി കെ.ടി ജലീൽ. സ്വപ്‌നയുടെ ആരോപണങ്ങളെ അവഗണിക്കുന്നതും പാടേ തള്ളുന്നതുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പം വന്നിട്ടും മഞ്ചേരിയിലേക്ക് വാപ്പ കളികാണാൻ പോയിട്ടില്ല, എന്നിട്ടല്ലേ ഇപ്പൊ, ഇങ്ങനെയായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. കേസിൽ ജലീലിന്റെ പങ്കിനെ കുറിച്ചും സ്വപ്‌ന മൊഴി നൽകിയതായാണ് വിവരം. അതേസമയം മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും രമേശ് ചെന്നിത്തലയും രംഗത്തുവന്നു.

ബിരിയാണി ചെമ്പ്‌കൊണ്ട് മൂടിവെച്ചാലും സത്യം പുറത്തുവരുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെല്ലാം ശരിയായെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ഇതാദ്യമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ സ്വപ്ന ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ദുബൈയിലേക്കു പോയപ്പോൾ മറന്നുവച്ച കറൻസിയടങ്ങുന്ന ബാഗ് താൻ ദുബൈയിലെത്തിച്ചിരുന്നുവെന്നും എം ശിവശങ്കറിന്റെ നിർദേശപ്രകാരമായിരുന്നു ഇതെന്നുമാണ് പുതിയ വെളിപ്പെടുത്തൽ. എറണാകുളം കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് സ്വപ്ന മാധ്യമങ്ങളോട് പ്രതികരിച്ചത്.

''മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം രവീന്ദ്രൻ, മുൻമന്ത്രി കെ.ടി ജലീൽ, നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവർ എന്തൊക്കെ ചെയ്‌തെന്നുമുള്ളത് രഹസ്യമൊഴിയിൽ നൽകിയിട്ടുണ്ട്. 2016ൽ മുഖ്യമന്ത്രി ദുബൈയിൽ സമയത്താണ് ശിവശങ്കർ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. കോൺസുലേറ്റിൽ സെക്രട്ടറിയെന്ന നിലയ്ക്ക്. മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയിട്ടുണ്ട്, അത് എത്രയും പെട്ടെന്ന് ദുബൈയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു.''-സ്വപ്ന വെളിപ്പെടുത്തി.

അങ്ങനെ കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കൈവശമാണ് ഈ ബാഗ് കൊടുത്തുവിടുന്നത്. ആ ബാഗ് കോൺസുലേറ്റ് ഉദ്യോസ്ഥൻ കൊണ്ടുവന്നപ്പോളാണ് അത് കറൻസിയാണെന്ന് മനസിലാക്കുന്നത്. സ്‌കാൻ ചെയ്തപ്പോഴാണ് കറൻസിയാണെന്ന് മനസിലായത്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നതെന്നും സ്വപ്ന പറഞ്ഞു. ഇതോടൊപ്പം വലിയ ഭാരമുള്ള ബിരിയാണി ചെമ്പുകൾ ഒരുപാട് പ്രാവശ്യം ജവഹർ നഗറിലെ കോൺസുൽ ജനറലിന്റെ വസതിയിൽനിന്ന് ശിവശങ്കറിന്റെ നിർദേശപ്രകാരം ക്ലിഫ് ഹൗസിലേക്ക് കോൺസുലേറ്റ് വാഹനത്തിൽ കൊടുത്തുവിട്ടുണ്ട്. അതിൽ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നു. ഇങ്ങനെയുള്ള എല്ലാ വിവരങ്ങളും ഓരോരുത്തരുടെ പങ്ക് സംബന്ധിച്ച വിവരങ്ങളെല്ലാം രഹസ്യമൊഴിയിൽ പറഞ്ഞിട്ടുണ്ട്. അതല്ലാം വെളിപ്പെടുത്താനാകില്ലെന്നും സ്വപ്ന കൂട്ടിച്ചേർത്തു.

Similar Posts