സ്വർണക്കടത്ത് ക്വട്ടേഷന്‍: സി സജേഷിനെ ഡിവൈഎഫ്‌ഐ പുറത്താക്കി
|ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ കമ്മറ്റിയാണ് നടപടിയെടുത്തത്
രാമനാട്ടുകര സ്വർണക്കവർച്ചാ കേസിൽ പങ്കുണ്ടെന്നു സംശയിക്കുന്ന ഡിവൈഎഫ്‌ഐ ചെമ്പിലോട് മേഖലാ സെക്രട്ടറി സി സജേഷിനെ പുറത്താക്കി. ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ കമ്മറ്റിയാണ് നടപടിയെടുത്തത്.
സംഘടനയ്ക്കു യോജിക്കാത്ത തരത്തിൽ സാമൂഹിക വിരുദ്ധ സംഘങ്ങളുമായി സജേഷ് ബന്ധം പുലർത്തിയെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. സംഘടനയുടെ പ്രാഥമികാംഗത്വത്തിൽനിന്നാണ് സജേഷിനെ പുറത്താക്കിയിരിക്കുന്നത്.
സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിലെ മുഖ്യകണ്ണിയാണെന്ന് അന്വേഷണസംഘം കരുതുന്ന അർജുൻ ആയങ്കി നിലവിൽ ഉപയോഗിക്കുന്ന വാഹനം സജേഷിന്റെ പേരിലുള്ളതാണ്. അർജുൻ സ്വർണക്കടത്തിന് ഉപയോഗിച്ചതും ഈ വാഹനമായിരുന്നു. സ്വർണക്കടത്തു സംഘവുമായി ബന്ധമുള്ളവർക്കെതിരെ നടപടിയുണ്ടാകുമെന്ന് നേരത്തെ സിപിഎം, ഡിവൈഎഫ്‌ഐ ഉന്നതനേതൃത്വങ്ങൾ അറിയിച്ചിരുന്നു.
നേരത്തെ അർജുൻ ഉപയോഗിക്കുന്ന വാഹനം തന്റേതാണെന്ന് കണ്ണൂർ ഡിവൈഎസ്പിയെ സജേഷ് അറിയിച്ചിരുന്നു. ആശുപത്രി ആവശ്യത്തിനു വേണ്ടി വാഹനം നൽകിയതായിരുന്നുവെന്നും എന്നാൽ ഇതുവരെ തിരിച്ചേൽപിച്ചിട്ടില്ലെന്നും സജേഷ് പറഞ്ഞു. അർജുനുമായി അടുത്ത ബന്ധം സ്ഥിരീകരിച്ചിട്ടും സജേഷിനെതിരെ നടപടിയെടുക്കാത്തതിൽ ഡിവൈഎഫ്‌ഐക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.