നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണക്കടത്ത് വ്യാപകം; ഇന്നലെ മാത്രം പിടികൂടിയത് ഒന്നേകാൽ കോടിയുടെ സ്വർണം
|ഇൻഡിഗോയുടെ ഹൈദരാബാദ് വിമാനത്തിൽ എത്തിയ കാസർകോട് സ്വദേശി അഷറഫിൽ നിന്ന് അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെ 26 ലക്ഷം രൂപ വില വരുന്ന 565 ഗ്രാം സ്വർണം പിടികൂടി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണക്കടത്ത് വ്യാപകമാകുന്നു. ഇന്നലെ മാത്രം പിടികൂടിയത് ഒന്നേകാൽ കോടിയുടെ സ്വർണമാണ്. സ്വർണക്കടത്ത് വ്യാപകമായതോടെ കസ്റ്റംസ് പരിശോധന ശക്തമാക്കി.
ഇൻഡിഗോയുടെ ഹൈദരാബാദ് വിമാനത്തിൽ എത്തിയ കാസർകോട് സ്വദേശി അഷറഫിൽ നിന്ന് അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെ 26 ലക്ഷം രൂപ വില വരുന്ന 565 ഗ്രാം സ്വർണം പിടികൂടി. ദുബൈയിൽ നിന്നും വന്ന മലപ്പുറം സ്വദേശി ഫൈസലിൽ നിന്നും 48 ലക്ഷം രൂപ വില വരുന്ന 932 ഗ്രാം തൂക്കമുള്ള 8 സ്വർണ ബിസ്ക്കറ്റുകൾ.മലേഷ്യയിൽ നിന്നും വന്ന കോഴിക്കോട് സ്വദേശി ആളൂർ ഹുസൈനിൽനിന്ന് നിന്ന് 54 ലക്ഷം രൂപ വില വരുന്ന 1051 ഗ്രാം സ്വർണം ഇങ്ങനെ 1.28 കോടിരൂപയുടെ സ്വര്‍ണമാണ് ഇന്നലെ മാത്രം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്.
കൊച്ചി വിമാനത്താവളം വഴി സ്വർണം കടത്തുന്നത് നിത്യ സംഭവമായി മാറിയതോടെ കസ്റ്റംസ് പരിശോധന ശകതമാക്കിയിരിക്കുകയാണ്.പരിശോധനക്കിടെ മയക്കുമരുന്ന് പിടികൂടുന്നതും തുടർക്കഥയാണ്. പേസ്റ്റ് രൂപത്തിലും ഗുളിക രൂപത്തിലുമാക്കിയ സ്വർണം ശരീരത്തിന്റെ രഹസ്യ ഭാഗങ്ങളിൽ ഒളിപ്പിച്ചാണ് കാരിയർമാർ കൂടുതലായും സ്വർണം കടത്തുന്നത്. സ്വര്‍ണം കടത്തുന്ന കാരിയർമാർക്ക് പ്രത്യേക പരിശീലനം ലഭിക്കുന്നുവെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ.കേരളത്തിലും വിദേശത്തുമായി അത്തരം കേന്ദ്രങ്ങൾ പ്രവര്‍ത്തിക്കുന്നുവെന്നും കസ്റ്റംസിന് വിവരമുണ്ട്.