Kerala
കസ്റ്റംസ് കാണാത്ത കടത്ത്; മൂന്നു മാസത്തിനിടെ കണ്ണൂരിൽനിന്ന് പൊലീസ് പിടികൂടിയത് ഒന്നേമുക്കാൽ കോടിയുടെ സ്വർണം
Kerala

കസ്റ്റംസ് 'കാണാത്ത' കടത്ത്; മൂന്നു മാസത്തിനിടെ കണ്ണൂരിൽനിന്ന് പൊലീസ് പിടികൂടിയത് ഒന്നേമുക്കാൽ കോടിയുടെ സ്വർണം

Web Desk
|
10 Sep 2022 1:49 AM GMT

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്ന യാത്രക്കാരിൽനിന്ന് എയർപോർട്ട് പൊലീസ് നിരവധി തവണയാണ് സ്വർണം പിടികൂടിയത്

കണ്ണൂർ: വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിനെതിരെ ഗുരുതര ആരോപണം. കണ്ണൂര്‍ വിമാനത്താവളത്തില്‍ പരിശോധന കഴിഞ്ഞിറങ്ങുന്ന യാത്രക്കാരിൽനിന്ന് സ്വർണം പിടികൂടുന്നത് പതിവ് സംഭവമായിരിക്കുകയാണ്. മൂന്നു മാസത്തിനിടെ പിടികൂടിയത് ഒന്നേമുക്കാൽ കോടിയുടെ സ്വർണമാണ്. വിമാനത്താവളത്തിൽ മതിയായ ജീവനക്കാരില്ലെന്നും പരാതിയുണ്ട്.

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്ന യാത്രക്കാരിൽനിന്ന് എയർപോർട്ട് പൊലീസ് സ്വർണം പിടികൂടുന്നത് പതിവ് സംഭവമാകുകയാണ്. കഴിഞ്ഞ ജൂൺ 11ന് കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരനിൽനിന്ന് പൊലീസ് സ്വർണം പിടിച്ചിരുന്നു. 38 ലക്ഷം രൂപ വില വരുന്ന 728 ഗ്രാം സ്വർണമാണ് അന്ന് പിടികൂടിയത്. ആഗസ്റ്റ് 18ന് 10 ലക്ഷം രൂപയുടെയും സെപ്റ്റംബർ രണ്ടിന് 74.48 ലക്ഷം രൂപയുടെയും സ്വർണവും പൊലീസ് പിടികൂടി.

ഒടുവിൽ ഈ മാസം അഞ്ചിനാണ് സ്യൂട്ട്‌കേസിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 51.54 ലക്ഷം രൂപയുടെ സ്വർണം പിടിച്ചത്. എയർപോർട്ട് സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലായിരുന്നു സ്വർണം കണ്ടെത്തിയത്. ഇതോടെയാണ് വിമാനത്താവളത്തിനുള്ളിലെ കസ്റ്റംസ് പരിശോധന ഫലപ്രദമല്ലെന്ന ആക്ഷേപം ഉയരുന്നത്. കസ്റ്റംസിൽ മതിയായ ജീവനക്കാരില്ലാത്തതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇത് മുതലെടുത്ത് കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ച് വലിയ തോതിൽ സ്വർണക്കടത്ത് നടക്കുന്നുവെന്നും ആരോപണമുണ്ട്.

Summary: 1.45 crore worth of gold was seized from passengers from Kannur International Airport within three months

Similar Posts