കരിപ്പൂരിൽ വന്‍ സ്വർണവേട്ട: പിടികൂടിയത് 1.2 കോടി രൂപയുടെ സ്വര്‍ണം
|മൂന്ന് പേര് പിടിയിലായി
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി 1.2 കോടി രൂപ വിലമതിക്കുന്ന 3 കിലോ സ്വർണ മിശ്രിതമാണ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേര് പിടിയിലായി.
വടകര സ്വദേശി മുസ്തഫ, ഉപ്പള സ്വദേശിയായ ഷാഫി, മലപ്പുറം സ്വദേശി ലുക്മാൻ എന്നിവരാണ് എയർ ഇന്റലിജൻസ് യൂണിറ്റിന്റെ പിടിയിലായത്. രാമനാട്ടുകര സ്വര്‍ണക്കടത്തും സ്വര്‍ണക്കവര്‍ച്ചാ ശ്രമവും സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കരിപ്പൂരില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടിയത്.
വടകര സ്വദേശി മുസ്തഫയില്‍ നിന്ന് 1320 ഗ്രാം സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്. സോക്സിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. ഈ സ്വര്‍ണത്തിന് ഏകദേശം 53 ലക്ഷത്തോളം രൂപ വിലവരും. കാസര്‍കോട് ഉപ്പള സ്വദേശിയായ ഷാഫിയാണ് സ്വര്‍ണവുമായി പിടിയിലായ അടുത്ത യാത്രക്കാരന്. ഷാഫിയില്‍ നിന്ന് 1030 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്. മലപ്പുറം സ്വദേശി ലുക്മാനില്‍ നിന്ന് 1086 ഗ്രാം സ്വര്‍ണ മിശ്രിതമാണ് പിടിച്ചെടുത്തത്.