പൂജിക്കാനെന്ന പേരിൽ സ്വർണം തട്ടി; യുവതി അറസ്റ്റിൽ
|സാധനങ്ങൾ വിൽക്കാനെന്ന പേരിലെത്തിയ യുവതികൾ വീട്ടമ്മയെ കബളിപ്പിക്കുകയായിരുന്നു
കോട്ടയം: കോട്ടയം പുതുപ്പള്ളിയിൽ സ്വർണം പൂജിക്കാനെന്ന പേരിൽ കബളിപ്പിച്ച് സ്വർണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. പാലാ കടനാട് സ്വദേശി ഷാജിത ഷെരീഫിനെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസമാണ് പുതുപ്പള്ളി ഇരവിനെല്ലൂർ സ്വദേശിയുടെ 12 പവൻ സ്വർണം രണ്ട് യുവതികൾ തട്ടിയത്.
സാധനങ്ങൾ വിൽക്കാനെന്ന പേരിലെത്തിയ യുവതികൾ വീട്ടമ്മയോട് അവിടെ ദോഷമുണ്ടെന്നും സ്വർണം വെച്ച് പൂജിച്ചാൽ ദോഷം മാറുമെന്നും പറയുകയായിരുന്നു. തുടർന്ന് വീട്ടമ്മ സ്വർണം ഇവർക്ക് നൽകി. സ്വർണം കൈക്കലാക്കിയ യുവതികൾ ഇതുമായി മുങ്ങി. ആദ്യ ഘട്ടത്തിൽ പൊലീസ് പോലും ഇക്കാര്യം വിശ്വസിച്ചിരുന്നില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ യുവതി അറസ്റ്റിലാവുന്നത്. ഇവരുടെ രേഖാചിത്രം നേരത്തെ പൊലീസ് പുറത്തുവിട്ടിരുന്നു. മൊബൈൽ ഫോണടക്കം കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. രേഖാചിത്രം തിരിച്ചറിഞ്ഞ ഒരാൾ പൊലീസുമായി ബന്ധപ്പെട്ടിരുന്നു. കൂട്ടാളിയായ പ്രതിയെയും ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. വീടുകൾ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകൾ ഇവർ നടത്തിയിട്ടുണ്ടാവുമെന്ന നിഗമനത്തിലാണ് പൊലീസ്.