പൊലീസിനെ വെല്ലുവിളിച്ച ഗുണ്ടാ നേതാവ് 'പല്ലൻ' ഷൈജു പിടിയിൽ
|കാപ്പാ നിയമം ചുമത്തി തൃശൂർ ജില്ലയിൽ നിന്നും പുറത്താക്കിയിരുന്ന പല്ലന്‍ ഷൈജു സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ശേഷം മുങ്ങുകയായിരുന്നു
ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പൊലീസ് പിടിയിൽ. കാപ്പാ നിയമം ചുമത്തി തൃശൂർ ജില്ലയിൽ നിന്നും പുറത്താക്കിയിരുന്ന പല്ലന്‍ ഷൈജു സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ശേഷം മുങ്ങുകയായിരുന്നു. മലപ്പുറം കോട്ടക്കൽ പൊലീസ് വയനാട്ടിലെ റിസോട്ടിൽ നിന്നാണ് ഷൈജുവിനെ അറസ്റ്റ് ചെയ്തത്. ഒട്ടേറെ കൊലപാതക, ഹൈവേ കവർച്ച കേസുകളിലെ പ്രതിയായ ഷൈജു കോടാലി ശ്രീധരന്‍റെ കൂട്ടാളിയായിരുന്നു.
പൊലീസിനെ വെല്ലുവിളിച്ച് ജനുവരിയില്‍ പല്ലന്‍ ഷൈജു സമൂഹമാധമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചിരുന്നു. കടൽയാത്രക്കിടെ 'ഞാനിപ്പോ കടലിലാ.. നാട്ടിലല്ലേ നില്‍ക്കാന്‍ പറ്റാത്തതുള്ളൂ...' എന്നുതുടങ്ങി രണ്ട് മിനുട്ടോളം ദൈര്‍ഘ്യം വരുന്ന വീഡിയോയില്‍ ഷൈജു പൊലീസിനെ വെല്ലുവിളിക്കുകയായിരുന്നു. ഈ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസ് ഷൈജുവിന് വേണ്ടി വലവിരിച്ചിരുന്നു.
കൊടകര, പുതുക്കാട്, തൃശ്ശൂര്‍ ഈസ്റ്റ്, നെടുപുഴ, എറണാകുളം ചെങ്ങമനാട്, സുല്‍ത്താന്‍ ബത്തേരി, തിരുനെല്ലി എന്നീ പോലീസ് സ്റ്റേഷനുകളിലും, കേരളത്തിനു പുറത്ത് ഗുണ്ടല്‍പേട്ട് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്.തൃശ്ശൂര്‍ കേന്ദ്രീകരിച്ച് പഴയ ക്വൊട്ടേഷന്‍ ഗുണ്ടാസംഘത്തിന്‍റെ നേതാവായിരുന്ന പല്ലന്‍ ഷൈജു പിന്നീടാണ് കുഴല്‍പ്പണത്തിലേക്ക് തിരിയുന്നത്. കുഴൽപ്പണം കൊണ്ടുപോകുന്ന വാഹനങ്ങൾ തിരഞ്ഞു പിടിച്ച് തടഞ്ഞുനിർത്തി കൊള്ളയടിച്ച ശേഷം കുഴൽപ്പണവുമായി പറക്കുന്നതാണ് പല്ലന്‍ ഷൈജുവിന്‍റെ രീതി
തൃശൂർ കൊടകര സ്വദേശിയാണ് നാൽപത്തിമൂന്നുകാരനായ ഷൈജു. തൃശൂർ റൂറൽ പൊലീസാണ് ഷൈജുവിനെ ഗുണ്ടാനിയമമായ കാപ്പ ചുമത്തി നാടു കടത്തിയത്. ഒരു വർഷത്തേക്ക് തൃശൂർ ജില്ലയിൽ പ്രവേശിക്കാൻ കഴിയില്ല. വിലക്ക് മറികടന്ന ജില്ലയിൽ പ്രവേശിച്ചെന്ന് തെളിഞ്ഞാൽ മൂന്നു വർഷം വരെ വിചാരണ കൂടാതെ തടവിൽ പാർപ്പിക്കാനും വകുപ്പുണ്ട്.