ലഹരി കടത്തിന് പണവും സംരക്ഷണവുമൊരുക്കി ഗുണ്ടാ സംഘങ്ങൾ; തടയാൻ കഴിയാതെ പൊലീസും
|ലഹരി-ഗുണ്ടാ മാഫിയകളുടെ നിരവധി ആക്രമണങ്ങളാണ് തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്
തിരുവനന്തപുരം: ജില്ലയിൽ അടുത്തിടെയുണ്ടായ ആക്രമണങ്ങളുടെയെല്ലാം പ്രധാന കാരണം ലഹരി കടത്തോ, അതുമായി ബന്ധപ്പെട്ട തർക്കങ്ങളോ ആണ്. ലഹരി-ഗുണ്ടാ സംഘങ്ങളെ തടയാൻ കഴിയാതെ പൊലീസും നോക്കുകുത്തിയാകുന്നു.
അടുത്തിടെ നാടിനെ നടുക്കിയ സംഭവമാണ് തിരുവനന്തപുരം പോത്തൻകോട് സുധീഷ് കൊലപാതകം. സഹോദരിയുടെ ഭർത്താവിനെ സംഘം ചേർന്ന് ക്രൂരമായി വെട്ടിക്കൊല്ലുകയും അതിന് ശേഷം ആഹ്ലാദപ്രകടനം നടത്തി കാൽ വെട്ടിയെടുത്ത് നടുറോഡിൽ എറിയുകയും ചെയ്യുകയായിരുന്നു ഗുണ്ടാ സംഘം ചെയ്തത്. സ്വന്തം സഹോദരിയുടെ താലിയറുക്കാൻ മൂന്നാം പ്രതി ശ്യാംകുമാറിനെ പ്രേരിപ്പിച്ചത് സ്ഥലത്തെ കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് സുധീഷുമായുള്ള തർക്കമാണ്.
ഇത്തരത്തിൽ ലഹരി-ഗുണ്ടാ മാഫിയകളുടെ നിരവധി ആക്രമണങ്ങളാണ് തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. കഴക്കൂട്ടത്ത് പുതുരാജൻ ക്ലീറ്റസ് എന്ന യുവാവിന്റെ കാൽ ബോംബെറിഞ്ഞ് തകർക്കാൻ കാരണം മയക്കുമരുന്ന് വിപണനത്തെ കുറിച്ച് പൊലീസിൽ പരാതിപ്പെട്ടതാണ്. ബോംബെറിഞ്ഞ പ്രതി അജിത്ത് ലിയോൺ ജോൺസൺ കഴക്കൂട്ടം-മേനംകുളം മേഖലയിലെ പ്രധാന മയക്കുമരുന്ന് കച്ചവടക്കാരനാണ്. ലഹരി കടത്തുന്നുണ്ടെന്നും പറ്റുമെങ്കിൽ തടയൂവെന്നും വെല്ലുവിളിച്ചാണ് ഇയാളുടെ പ്രവർത്തനം.
നെയ്യാർ ഡാമിൽ പൊലീസിന് നേരെ ആക്രമണം നടത്തിയതും ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബെറിഞ്ഞതും ലഹരി കടത്തിൽ പങ്കാളികളായ യുവാക്കളാണ്.