Kerala
gopinath muthukad

ഗോപിനാഥ് മുതുകാട് 

Kerala

പകച്ചുനിൽക്കുമ്പോൾ ഒരു ദൈവദൂതനെപ്പോലെ യൂസഫ് അലി സാർ വന്നു; കണ്ണുനിറഞ്ഞ് ഗോപിനാഥ് മുതുകാട്

Web Desk
|
3 Sep 2023 6:58 AM GMT

പല രാത്രികളിലും ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഞാനെന്‍റെ ഭാര്യ കവിതയോട് പറയും

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് ആശുപത്രി എന്ന പദ്ധതിക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിക്ക് നന്ദി പറഞ്ഞ് മജീഷ്യനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഗോപിനാഥ് മുതുകാട്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ താന്‍ വിതുമ്പിപ്പോയെന്നും യൂസഫലി സാറിനെപ്പോലുള്ള ആളുകളുണ്ടാകുമ്പോള്‍ തന്‍റെ മക്കള്‍ ഒരിക്കലും അനാഥരാകില്ലെന്നും മുതുകാട് പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

ഗോപിനാഥ് മുതുകാടിന്‍റെ വാക്കുകള്‍

പല രാത്രികളിലും ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഞാനെന്‍റെ ഭാര്യ കവിതയോട് പറയും. കവിതേ..പണ്ട് മജീഷ്യനായിരുന്ന കാലത്ത് ഫയര്‍ എസ്കേപ്പ് ആക്ടും വെടിയുണ്ട കടിച്ചുപിടിക്കുന്ന മാജിക് ഒക്കെ അവതരിപ്പിച്ചിരുന്ന കാലത്ത് എനിക്ക് മരിക്കാന്‍ വലിയ ഭയമൊന്നുമുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോള്‍ എനിക്ക് മരിക്കാന്‍ പേടിയാണ്. നമ്മുടെ മകന്‍ ബിച്ചു എങ്ങനെയെങ്കിലുമൊക്കെ ജീവിച്ചോളും. പക്ഷെ എന്നെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഒരുപാട് മക്കള്‍ അനാഥരായി പോകുമോ എന്ന് ഭയം. ഇന്ന് എല്ലാം മറന്ന് ചിരിക്കുന്ന അവരുടെ മാതാപിതാക്കള്‍ക്ക് പഴയ ലോകത്തേക്ക് തന്നെ മടങ്ങിപ്പോകേണ്ടി വരുമോ എന്നൊരു ഭയം.

അതിനിടക്കാണ് ഇപ്പോള്‍ കാസര്‍കോട് ആയിരത്തോളം ഭിന്നശേഷി കുട്ടികളെ ഏറ്റെടുക്കാനൊരു പദ്ധതി തുടങ്ങുന്നത്. സ്ഥലം മാത്രമേ ആയിട്ടുള്ളൂ. അവിടുത്തെ പണി തുടങ്ങിയിട്ടേയില്ല. ഒരുപാട് മുന്നോട്ടു പോകാനുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് മാത്രമായൊരു ആശുപത്രിയും ഹൈടെക് തെറാപ്പി യൂണിറ്റുമൊക്കെയായിട്ട് 83 കോടി രൂപയുടെ പ്രോജക്ടാണ് മനസില്‍. ഈ ഭൂമിയില്‍ നിന്നും പോകുന്നതിനു മുന്‍പ് എല്ലാം പൂര്‍ത്തിയാക്കി കഴിയാന്‍ പോകണേ എന്ന് ഓരോ ദിവസവും ഇങ്ങനെ മനസ് കൊണ്ട് ആഗ്രഹിക്കും.പക്ഷെ ഇന്ന് ഞാന്‍ അഭിമാനത്തോടെ പറയട്ടെ..ഒരുപാട് ആത്മവിശ്വാസവുമായി ഒരു ദൈവദൂതന്‍ എന്‍റെ മക്കളെ കാണാന്‍ വന്നു. ..എം.എ യൂസഫലി സാര്‍. കാസര്‍കോട് പ്രോജക്ടിന്‍റെ ലോഞ്ചിംഗ് നടത്തിക്കഴിഞ്ഞ ശേഷം അദ്ദേഹം ഒന്നരക്കോടി രൂപ സംഭാവന ചെയ്തു. തുടര്‍ന്നുള്ള പ്രഖ്യാപനമാണ് എന്‍റെ ആത്മവിശ്വാസം ഇരട്ടിയാക്കിയത്. എല്ലാ വര്‍ഷവും ഈ കുട്ടികള്‍ക്കായി ഒരു കോടി രൂപ വീതം തരാമെന്ന് അതും കഴിഞ്ഞ് അദ്ദേഹം പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ വിതുമ്പിപ്പോയി. തന്‍റെ കാലശേഷവും അതു തുടര്‍ന്നുകൊണ്ടേയിരിക്കുമെന്ന്...

ഞാന്‍ മനസില്‍ പറഞ്ഞു..ഞാന്‍ ഏറ്റെടുക്കുന്ന മക്കള്‍ അത് തിരുവനന്തപുരത്തായാലും കാസര്‍കോടായാലും യൂസഫലി സാറിനെപ്പോലുള്ള ആളുകളുണ്ടാകുമ്പോള്‍ ഒരിക്കലും അനാഥരാകില്ല. നന്ദിയുണ്ട് ..യൂസഫലി സാര്‍. ..ഈ ചേര്‍ത്തുപിടിക്കലിന് ...ഈ സ്നേഹത്തിന്. ഇതിലപ്പുറം പഴയാന്‍ എനിക്ക് കഴിയില്ല..ഒരുപാട് നന്ദി...

Similar Posts