ഗവർണർ നിയോഗിച്ച സെർച്ച് കമ്മിറ്റി അപ്രസക്തമാക്കാൻ നീക്കം; സർവകലാശാല നിയമഭേദഗതിക്ക് മുൻകാല പ്രാബല്യം നൽകും
|ആഗസ്റ്റ് ഒന്ന് മുതലാണ് മുൻകാല പ്രാബല്യം കൊണ്ടുവരിക
തിരുവനന്തപുരം: സർവകലാശാല നിയമഭേദഗതിക്ക് മുൻകാല പ്രാബല്യം നൽകാൻ തീരുമാനം. ആഗസ്റ്റ് ഒന്ന് മുതലാണ് മുൻകാല പ്രാബല്യം കൊണ്ടുവരിക.ചാൻസലറായ ഗവർണർ കേരള സർവകലാശാലയിൽ നിയോഗിച്ച സെർച്ച് കമ്മിറ്റി അപ്രസക്തമാക്കാനാണ് സർക്കാർ നീക്കം. ആഗസ്റ്റ് അഞ്ചിനാണ് ചാൻസലർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്.
നിയമസഭ ബിൽ പാസാക്കുമ്പോൾ ആഗസ്റ്റ് 1 മുതൽ നിയമത്തിന് പ്രാബല്യം നൽകും. പ്രതിപക്ഷ വിയോജിപ്പിനിടെയായിരുന്നു തീരുമാനം. സർവകലാശാല പ്രതിനിധിയെ നൽകാതിരുന്നിട്ടും കേരള സർവകലാശാല വിസി നിയമനത്തിനുള്ള ചേർച്ചക്കമ്മിറ്റിക്ക് ഗവർണർ ഈ മാസം അഞ്ചിന് രൂപം നൽകിയിരുന്നു. യുജിസി പ്രതിനിധിയെയും ഗവർണറുടെ പ്രതിനിധിയെയും മാത്രമുൾപ്പെടുത്തി കമ്മിറ്റിക്ക് രൂപം നൽകിയ ഗവർണർ സർവകലാശാല പ്രതിനിധിയെ ഒഴിച്ചിടുകയും ചെയ്തു.
ഒക്ടോബർ 24നാണ് കേരള വിസിയുടെ കാലാവധി കഴിയുന്നത്. ഇതിന് മുമ്പ് നിയമനടപടികൾ പൂർത്തിയാക്കുമെന്ന് ഗവർണർ ആവർത്തിക്കുമ്പോഴാണ് അതിന് തടയിടാൻ കൂടി ലക്ഷ്യമിട്ട് മുൻകാല പ്രാബല്യം നൽകിയതിലൂടെ ചെയ്തത്. ബില്ലിന് ഗവർണർ അംഗീകാരം നൽകുന്നതോടെ ആഗസ്റ്റ് അഞ്ചിലെ ഉത്തരവിന് നിലനിൽപ്പില്ലാതാവും. എന്നാൽ സ്വന്തക്കാരെ നിയമിക്കാനാണ് സർക്കാരിന്റെ നിയമഭേദഗതി എന്ന നിലപാടാവർത്തിക്കുന്ന ഗവർണർ ബിൽ നിയമസഭ പാസാക്കിയാലുടൻ അംഗീകാരം നൽകാൻ തയ്യാറാവില്ല. ഇത് പരമാവധി വൈകിപ്പിക്കാൻ ഗവർണർക്ക് കഴിയും.
ബിൽ നിയമസഭ പാസാക്കിയാൽ ഇത്ര ദിവസത്തിനുള്ള ഗവർണർ അംഗീകരിക്കണമെന്ന് വ്യവസ്ഥയില്ല. അതിനാൽ ഒപ്പിടുന്നത് അനിശ്ചിതമായി വൈകിപ്പിക്കുകയോ ബിൽ രാഷ്ട്രപതിക്കയയ്ക്കുകയോ ചെയ്യാൻ ഗവർണർ തീരുമാനിക്കുകയോ ചെയ്താൽ സർക്കാരിന്റെ ഈ നീക്കങ്ങൾക്കും തിരിച്ചടിയാവാനാണ് സാധ്യത്.