കാസർകോട് മംഗൽപാടിയിലെ ഭരണപ്രതിസന്ധി; എൽ ഡി എഫിന്റെ അനിശ്ചിതകാല സമരത്തിന് ഇന്ന് തുടക്കം
|പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകിയതാണ് പ്രതിസന്ധിക്ക് കാരണം
കാസർകോട്: മംഗൽപാടി പഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽ ഡി എഫിന്റെ അനിശ്ചിതകാല സമരത്തിന് ഇന്ന് തുടക്കമാവും. ഭരണപ്രതിസന്ധി ആരോപിച്ചാണ് സമരം. മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രസിഡണ്ടിനെതിരെ ലീഗ് അംഗങ്ങൾ അവിശ്വാസത്തിന് നോട്ടീസ് നൽകിയതാണ് ഭരണ പ്രതിസന്ധിക്ക് കാരണം.
23 വാർഡുകളുള്ള മംഗൽപാടി പഞ്ചായത്തിൽ 16 അംഗങ്ങളുടെ പിന്തുണയോടെയാണ് യു.ഡി എഫിൻ്റെ ഭരണം. പഞ്ചായത്ത് പ്രസിഡണ്ട് റിഷാന സാബിറിനെതിരെ യു.ഡി എഫിലെ മറ്റ് 15 അംഗങ്ങളുമാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. പ്രസിഡണ്ടിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകാൻ തീരുമാനിച്ച പാർട്ടി പഞ്ചായത്ത് കമ്മറ്റിയെ മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി പിരിച്ച് വിട്ടിരുന്നു.
പഞ്ചായത്ത് കമ്മറ്റിക്കെതിരെ നടപടി എടുത്ത ശേഷവും അവിശ്വാസവുമായി മുന്നോട്ട് പോവാനാണ് അംഗങ്ങളുടെ തീരുമാനം. നാളെയാണ് അവിശ്വാസ പ്രമേയം. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രശ്നമാണ് പ്രസിഡണ്ടും പാർട്ടിയും തമ്മിൽ അകലാൻ കാരണം. ഇതോടെ മാലിന്യ നീക്കം മുടങ്ങി. ഇത് നാട്ടുകാരിൽ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.