Kerala
കുവൈത്ത് തീപിടിത്തം: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി സർക്കാറും വ്യവസായ പ്രമുഖരും
Kerala

കുവൈത്ത് തീപിടിത്തം: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി സർക്കാറും വ്യവസായ പ്രമുഖരും

Web Desk
|
13 Jun 2024 7:22 AM GMT

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും

തിരുവനന്തപുരം: കുവൈത്തിലെ തീപിടിതത്തിൽ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റ മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും ഇന്ന് ചേർന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷൻ ഡയറക്ടർ (എൻഎച്ച്എം) ജീവൻ ബാബു അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവർ കുവൈത്തിൽ എത്തുന്നത്.

മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്. നോർക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപയാണ് സഹായം ലഭിക്കുക.

കുവൈത്ത് അഗ്‌നിബാധ മരണങ്ങളിൽ മന്ത്രി സഭ അനുശോചനം രേഖപ്പെടുത്തി.സാധ്യമായ എല്ലാ സഹായങ്ങളും അപകടത്തിൽപ്പെട്ടവർക്ക് ലഭ്യമാക്കാൻ നോർക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികളുടെ മുൻകൈയിലും ശ്രമം നടക്കുന്നുണ്ട്. ഹെൽപ്പ് ഡെസ്‌ക്കും ഗ്ലോബൽ കോൺടാക്ട് സെൻററും മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്.

ഇന്ത്യ ഗവൺമെൻറ് കുവൈത്തിൽ നടത്തുന്ന ഇടപെടലുകളിൽ സംസ്ഥാന സർക്കാർ പൂർണ്ണപിന്തുണ നൽകും. കേരളത്തിൻറ്െ ഡൽഹിയിലെ പ്രതിനിധി പ്രൊഫസർ കെ വി തോമസ് വിദേശ മന്ത്രാലയവുമായി നിരന്തരം ബന്ധം പുലർത്തുന്നുണ്ട്.

Related Tags :
Similar Posts