'ശമ്പള പരിഷ്‌കരണത്തില്‍ അപാകത'; സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്
|ശമ്പള പരിഷ്കരണത്തില്‍ ആനുപാതിക വര്‍ദ്ധനവിന് പകരം അലവന്‍സുകളും ആനുകൂല്യങ്ങളും നിഷേധിച്ചെന്നാണ് പരാതി.
ശമ്പള പരിഷ്കരണത്തിലെ അപകാത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. സെക്രട്ടറിയേറ്റിന് മുന്നില്‍ നാളെ കെ.ജി.എം.ഒ.എ ഉപവാസ ധര്‍ണ നടത്തും. ഈ മാസം നാല് മുതല്‍ നിസഹകരണ സമരം നടത്തുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചു.
ശമ്പള പരിഷ്കരണത്തില്‍ ആനുപാതിക വര്‍ദ്ധനവിന് പകരം അലവന്‍സുകളും ആനുകൂല്യങ്ങളും നിഷേധിച്ചെന്നാണ് പരാതി. എൻട്രി കാഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതും പേഴ്സണൽ പേ നിർത്തലാക്കിയതും റേഷ്യോ പ്രമോഷൻ എടുത്തു കളഞ്ഞതും അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
ഗാന്ധിജയന്തി ദിനമായ നാളെ സെക്രട്ടറിയേറ്റിന് മുന്നില്‍ കെ.ജി.എം.ഒ.എ സംസ്ഥാന സമിതി അംഗങ്ങള്‍ ഉപവാസ ധര്‍ണ നടത്തും. സമരം തുടരുന്നതിന്‍റെ ഭാഗമായി ഈ മാസം 4 മുതൽ സംസ്ഥാന വ്യാപകമായി നിസ്സഹകരണ പ്രതിഷേധം നടത്താനും കെ.ജി.എം.ഒ.എ തീരുമാനിച്ചിട്ടുണ്ട്.
അവലോകന യോഗങ്ങളിൽ നിന്നും, പരിശീലന പരിപാടികളിൽ നിന്നും, ഇ സഞ്ജീവനിയിൽ നിന്നും വിട്ടു നിൽക്കും. നേരത്തെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആഗസ്റ്റ് 31ന് കെ.ജി.എം.ഒ.എ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.