Kerala
ലോകായുക്ത നിയമത്തില്‍ സര്‍ക്കാര്‍ നിറവേറ്റുന്നത് ഭരണഘടനാ ബാധ്യത: പി രാജീവ്
Kerala

ലോകായുക്ത നിയമത്തില്‍ സര്‍ക്കാര്‍ നിറവേറ്റുന്നത് ഭരണഘടനാ ബാധ്യത: പി രാജീവ്

Web Desk
|
26 Jan 2022 10:29 AM GMT

പ്രതിപക്ഷ നേതാവ് പറയുന്നത് നിയമവുമായി ചേര്‍ന്ന് നില്‍ക്കുന്നതല്ല. സര്‍ക്കാരില്‍ അര്‍പ്പിതമായ ഭരണഘടന അധികാരം ആണ് സര്‍ക്കാര്‍ വിനിയോഗിക്കുന്നത്

ലോകായുക്ത നിയമത്തില്‍ സര്‍ക്കാര്‍ നിറവേറ്റുന്നത് ഭരണഘടനാ ബാധ്യതയാണെന്ന് നിയമവകുപ്പ് മന്ത്രി പി രാജീവ്. പ്രതിപക്ഷ നേതാവ് പറയുന്നത് നിയമവുമായി ചേര്‍ന്ന് നില്‍ക്കുന്നതല്ല. സെക്ഷന്‍ 12 സെക്ഷന്‍ 14നോട് ചേര്‍ന്നാണ് നില്‍ക്കുന്നത്. ലോകയുക്തയ്ക്ക് ശുപാര്‍ശ ചെയ്യുന്നതിന് മാത്രമാണ് അധികാരമുള്ളു എന്നാണ് 2020 ലെ വിധി എന്നും മന്ത്രിപറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളിലെ നിയമങ്ങളിലെ ഭാഗങ്ങളാണ് ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മന്ത്രിമാരെ നീക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കാണ് എന്ന്ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ഭരണഘടന വിരുദ്ധമായതിനാലാണ് ഭേദഗതി കൊണ്ട് വന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

സര്‍ക്കാരില്‍ അര്‍പ്പിതമായ ഭരണഘടന അധികാരം ആണ് സര്‍ക്കാര്‍ വിനിയോഗിക്കുന്നത്. എത്രയും പെട്ടെന്ന് ഭരണഘടന വിരുദ്ധമായത് ഭരണഘടനയ്ക്ക് വിധേയമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് മന്ത്രിസഭയില്‍ കൂട്ടായി എടുത്ത തീരുമാനത്തിന്റെ ഭാഗമാണ് ഭേദഗതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അട്ടപ്പാടി മധു കേസിൽ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ രൂക്ഷ വിമര്ശനങ്ങളാണ് മന്ത്രി ഉന്നയിച്ചത്. മാധ്യമങ്ങളോട് കാണിച്ച ധാർമികത കോടതിയിൽ കാണിച്ചാൽ മതിയായിരുന്നെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ലോകായുക്ത നിയമത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായാണ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയത്. ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിന്റെ കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞത്. ഓര്‍ഡിനന്‍സിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും അഴിമതി നിരോധന നിയമത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്ന അവസ്ഥയാണെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

ഇഷ്ടമുള്ള ആളുകളെ ലോകായുക്തയില്‍ കയറ്റാം, കെ റെയില്‍ അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷം ലോകായുക്തയെ സമീപിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ലോകായുക്തയില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്, പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. ഓര്‍ഡിനന്‍സ് സി പി എമ്മിന്റെ അഖിലേന്ത്യ നയത്തിന് വിരുദ്ധമാണെന്നും ലോകായുക്തയെ തീരുമാനിക്കുന്നത് പ്രതിപക്ഷ നേതാവ് കൂടി ഉള്‍പ്പട്ട കമ്മറ്റി കൂടിയാണെന്നും വിഡി സതീശന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ലോകായുക്തയുടെ പല്ലു കൊഴിച്ചെന്നാണ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. ലോകായുക്തയുടെ അധികാരം സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണെന്നും ലോകായുക്തക്ക് ഇനി മുതല്‍ അഴിമതിക്കെതിരായി തീരുമാനമെടുക്കാന്‍ കഴിയാതെ വരുമെന്നും അദ്ദേഹം വ്യക്താക്കി. മന്ത്രി ആര്‍.ബിന്ദുവിനെതിരെ ചെന്നിത്തല ലോകായുക്തയെ സമീപിച്ചിരുന്നു. ഇതോടെ മന്ത്രി രാജിവെക്കേണ്ടി വരുമെന്ന് മനസിലാക്കിയതിനാലാണ് വേണ്ടത്ര കൂടിയാലോചനകളില്ലാതെ ലോകായുക്തയെ അപ്രസക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Posts