ജോയിയുടെ അമ്മക്ക് സർക്കാർ ധനസഹായം കൈമാറി; കുടുംബത്തിന് വീട് വെച്ച് നൽകും
|ജോയിയുടെ അമ്മയ്ക്ക് സർക്കാർ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ മന്ത്രി വി ശിവൻകുട്ടി മാരായമുട്ടത്തെ വീട്ടിലെത്തി കൈമാറി
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മരിച്ച ജോയിയുടെ കുടുംബത്തിന് സർക്കാർ ധനസഹായം കൈമാറി. ജോയിയുടെ അമ്മയ്ക്ക് സർക്കാർ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ മന്ത്രി വി ശിവൻകുട്ടി മാരായമുട്ടത്തെ വീട്ടിലെത്തി കൈമാറി.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ജോയിയുടെ വീട്ടിലെത്തി അമ്മ മെൽഹിയെ കണ്ടു. അമ്മയുടെ ചികിത്സ ചെലവ് പ്രതിപക്ഷം ഏറ്റെടുക്കുമെന്ന് വിഡി സതീശൻ അറിയിച്ചു. സർക്കാർ നൽകിയ നഷ്ടപരിഹാര തുക കുറഞ്ഞുപോയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 30 ലക്ഷം രൂപ നൽകണമെന്നായിരുന്നു വിഡി സതീശന്റെ ആവശ്യം. എന്നാൽ, അത് പ്രതിപക്ഷ നേതാവിന്റെ ആവശ്യം മാത്രമാണെന്നും ഒന്നും പറയാനില്ലെന്നും മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു.
ജോയിയുടെ കുടുംബത്തിന് വീട് വെയ്ക്കുന്നതിനുള്ള സ്ഥലം കണ്ടെത്തുമെന്നും നഗരസഭ നിർമിച്ചുനൽകുമെന്നും മന്ത്രി അറിയിച്ചു. വിമർശനങ്ങൾ വന്നതോടെയാണ് പ്രതിപക്ഷ നേതാവ് ജോയിയുടെ വീട് സന്ദർശിക്കാൻ തയ്യാറായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനിടെ പ്രത്യേക കൗൺസിൽ യോഗം കൂടി ജോയിക്ക് വീട് വെച്ച് നൽകാൻ കോർപ്പറേഷൻ തീരുമാനിച്ചു.വീടുവച്ച് നൽകിയതുകൊണ്ട് മാത്രം കാര്യമില്ലെന്ന് ബിജെപി കൗൺസിലർമാർ കുറ്റപ്പെടുത്തി. മേയറും ബിജെപി അംഗവും തമ്മിൽ വാക് തർക്കമുണ്ടായി. ഡെപ്യൂട്ടി മേയർ ദുരന്തമുഖത്ത് വെള്ള മുണ്ടുടുത്ത് വന്നുനിന്നെയുള്ളുവെന്നുവെന്ന് ബിജെപി ആരോപിച്ചു. ഡെപ്യൂട്ടി മേയർ ചെയ്യനാകുന്നത്തിൻ്റെ പരമാവധി ചെയ്തതെന്ന് മേയർ മറുപടി നൽകി.
ജോയിയുടെ കുടുംബത്തിന് വീടുവച്ചു നൽകുന്നത് തീരുമാനിക്കാൻ ചേർന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം സംഘർഷത്തിലാണ് കലാശിച്ചത്. ജോയിയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് ബിജെപി അംഗങ്ങൾ ആവശ്യപ്പെട്ടു. പ്രതിപക്ഷം പ്രതിഷേധം തുടരവേ മേയർ പ്രമേയം പാസാക്കി കൗൺസിൽ അവസാനിച്ചതായി പ്രഖ്യാപിച്ചു.