മീഡിയവൺ ഇംപാക്ട്; ഉച്ചഭക്ഷണ പദ്ധതിക്ക് സർക്കാർ 126 കോടി രൂപ അനുവദിച്ചു
|തുക ബാങ്ക് അക്കൗണ്ട് മുഖേന ഒരാഴ്ചക്കുള്ളിൽ വിതരണം ചെയ്യും
കണ്ണൂർ: ജൂൺ, ജൂലൈ മാസങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് സർക്കാർ 126 കോടി രൂപ അനുവദിച്ചു. തുക ബാങ്ക് അക്കൗണ്ട് മുഖേന ഒരാഴ്ചക്കുള്ളിൽ വിതരണം ചെയ്യും. ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. ഉച്ചഭക്ഷണത്തിന്റെ തുക മുടങ്ങിയത് മീഡിയവണാണ് പുറത്ത് കൊണ്ടുവന്നത്.
ജൂൺ മാസത്തിൽ ഉച്ച ഭക്ഷണത്തിനായി ചെലവഴിച്ച തുക ഇതുവരെ നൽകിയില്ലെന്നും പണം കിട്ടാൻ ഇനിയും വൈകിയാൽ ഭക്ഷണ വിതരണം നിലക്കുമെന്നും മീഡിയവൺ വാർത്ത നൽകിയിരുന്നു.
സപ്ലെെകോ വഴി അരി മാത്രമാണ് സർക്കാർ സ്‌കൂളുകൾക്ക് നൽകുന്നത്. പച്ചക്കറി, പലവ്യഞ്ജനം, പാചക വാതകം തുടങ്ങി മറ്റ് ചെലവുകളെല്ലാം ആദ്യം വഹിക്കണ്ടത് സ്‌കൂൾ അധികൃതരോ പിടിഎയോ ആണ്. ആഴ്ചയിൽ രണ്ട് തവണ നൽകുന്ന 150 ഗ്രാം വീതമുള്ള പാലിന്റെയും ഒരു മുട്ടയുടെയും വില കൂടി ആകുമ്പോൾ ബാധ്യത വലുതാകും. എന്നാൽ സ്‌കൂൾ തുറന്ന് മാസം ഒന്ന് കഴിഞ്ഞിട്ടും ഉച്ച ഭക്ഷണം വിതണം ചെയ്തതിന്റെ തുക ലഭിച്ചിരുന്നില്ല.
ഉച്ച ഭക്ഷണ പദ്ധതിക്കായി 567.64 കോടി രൂപ അനുവദിച്ചതായി സർക്കാർ ആവർത്തിച്ചിരുന്നു. എന്നാൽ തുക വിതരണം ചെയ്തിട്ടുണ്ടായിരുന്നില്ല. ഇതിനൊപ്പം സംസ്ഥാനത്തെ സ്‌കൂൾ പാചക തൊഴിലാളികളുടെ ശമ്പളവും മുടങ്ങി കിടക്കുകയാണ്. പ്രതിദിനം 600 രൂപ നിരക്കിലാണ് ഇവരുടെ വേതനം. സ്‌കൂൾ പൂട്ടുന്ന ഏപ്രിൽ മെയ് മാസങ്ങളിൽ നൽകുന്ന 2000 രൂപ വീതമുള്ള അലവൻസും ഇതുവരെ വിതരണം ചെയ്തിട്ടില്ല. ഫണ്ട് വിതരണം ഇനിയും നീണ്ടാൽ സ്‌കൂളുകളിലെ ഉച്ച ഭക്ഷണ വിതരണം നിലക്കുമെന്ന ആശങ്കയിലായിരുന്നു അധ്യാപകരും രക്ഷിതാക്കളും.