'ഗുരുതരമായ പരിക്കേറ്റ നായകളെ ദയാവധത്തിന് വിധേയമാക്കും'; തെരുവുനായ പ്രശ്നം പരിഹരിക്കാന്‍ നടപടിയുമായി സര്‍ക്കാര്‍
|എബിസി ചട്ടങ്ങളെ കോടതിയില്‍ ചോദ്യം ചെയ്യാനും സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ശല്യം പരിഹരിക്കുന്നതിനായി നടപടികളുമായി സര്‍ക്കാര്‍. സംസ്ഥാനത്ത് 25 അധിക എബിസി കേന്ദ്രങ്ങള്‍ ഉടന്‍ തുടങ്ങും. രോഗം ബാധിച്ചവയും ഗരുതരമായ പരിക്കേറ്റ നായകളെയും ദയാവധത്തിന് വിധേയമാക്കും. നിലവിലുള്ള എബിസി ചട്ടങ്ങളെ കോടതിയില്‍ ചോദ്യം ചെയ്യാനും തദ്ദേശ-മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായി.
കണ്ണൂരില്‍ ഭിന്നശേഷിക്കാരനായ 11 വയസുകാരനെ തെരുവ് നായകള്‍ കടിച്ച് കൊന്നതും ബാലികയെ നായകള്‍ വളഞ്ഞിട്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ചതും വഴി കേരളത്തില്‍ തെരുവ് നായ ശല്യം ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചതായി യോഗം വിലയിരുത്തി. കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങളും വിവിധ കോടതി വിധികളും കാരണം സംസ്ഥാനത്തിന് വിഷയത്തില്‍ ഒറ്റക്ക് ഒന്നും ചെയ്യാനാവാത്ത സ്ഥിതിയാണ്. സ്ഥല സൌകര്യമുള്ള മൃഗ ഡിസ്പെന്‍സറികളില്‍ എബിസി കേന്ദ്രങ്ങള്‍ തുടങ്ങും. നിലവിലെ ചട്ടങ്ങള്‍ കൂടുതല്‍ എബിസി കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് പോലും തടസ്സമെന്നാണ് വകുപ്പുകളുടെ ആക്ഷേപം.
അറവ് മാലിന്യം തള്ളുന്ന കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്‍റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. മൃഗ സംരക്ഷണ സംഘടനകളുടെ യോഗം വിളിച്ച് വിഷയം ചര്‍ച്ചചെയ്യും. തെരുവ് നായകളെ പറ്റി ജനങ്ങള്‍ക്ക് ആര്‍ഡിഓക്ക് പരാതി നല്‍കാം. സിആര്‍പിസി 133 വകുപ്പ് പ്രകാരമുള്ള നടപടികളെടുക്കാന്‍ റവന്യു വിഭാഗത്തിന് അധികാരമുണ്ട്. എന്നാല്‍ അക്രമകാരികളായ തെരുവ് നായകളെ കൊല്ലുന്ന കാര്യത്തില്‍ നിയമത്തിനുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കാനേ കഴിയൂ എന്നാണ് തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷിന്‍റെ മറുപടി.