ആക്രമണദൃശ്യങ്ങൾ ചോരുമോ എന്നതിൽ ഭയമുണ്ട്, നീതിയുക്തമായ അന്വേഷണം വേണമെന്ന് അതിജീവിത; ഹരജി വിധി പറയാൻ മാറ്റി
|ദിലീപിന്റെ പക്കൽ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടന്വേഷണത്തിൽ കൂടുതൽ സമയം ആവശ്യപ്പെട്ട് നടി ഹൈക്കോടതിയിൽ. ആക്രമണദൃശ്യങ്ങൾ ചോരുമോ എന്നതിൽ ഭയമുണ്ട്. നീതിയുക്തമായ അന്വേഷണം വേണമെന്നും അതിജീവിത കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ സർക്കാർ നൽകിയ ഹരജി ജൂൺ 10ന് വിധി പറയാനായി മാറ്റി.
കേസിൽ സർക്കാരിനേയും വിചാരണ കോടതിയെയും പ്രതികൂട്ടിലാക്കി നടി നൽകിയ ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യത്തിലും അനുകൂല നിലപാടാണ്. ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിലടക്കം തുടർ നടപടികളുണ്ടാകുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് തുറക്കപ്പെട്ടത് രണ്ട് തവണയാണ്. 2018 ജനുവരി 9 നും ഡിസംബർ 13നുമാണ് മെമ്മറി കാർഡ് ആക്‌സസ് ചെയ്തിരിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന തിരുവനന്തപുരം എഫ്.എസ്.എൽ ഡയറക്ടറുടെ റിപ്പോർട്ടും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ സമർപ്പിച്ചു.
ദിലീപിന്റെ പക്കൽ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. ഇതിനിടെ തുടരന്വേഷണത്തിന് സമയം ആവശ്യപ്പെട്ടുള്ള ഹരജിയിൽ ദിലീപ് മറുപടി നൽകി. ജുഡീഷ്യൽ ഓഫീസർമാരെ മോശമാക്കാനുള്ള ശ്രമങ്ങൾ പല രീതിയിൽ നടക്കുന്നുണ്ട്. കോടതി വീഡിയോ പരിശോധിച്ചതും നടിയെ ആക്രമിച്ച കേസും തമ്മിൽ ബന്ധമില്ല. കോടതിക്ക് വീഡിയോ പരിശോധിക്കാം. അതിനുള്ള അധികാരം കോടതിക്കുണ്ട്. തൻറെ പക്കൽ ദ്യശ്യങ്ങളുണ്ടെന്ന ആരോപണം തെറ്റാണ്. അന്വേഷണത്തിന് ഒരു ദിവസം പോലും കൂടുതൽ സമയം അനുവദിക്കരുതെന്നും ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടു.
ഡിജിറ്റൽ തെളിവുകളുടെ പരിശോധന ഫലം മൂന്ന് മാസം മുമ്പ് ക്രൈബ്രാഞ്ചിന് ലഭിച്ചതാണ്. അത് ഇതുവരെയും പരിശോധിച്ചിട്ടില്ല. മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറി എന്നറിഞ്ഞു മൂന്നു വർഷത്തിന് ശേഷമാണ് ആരോപണവുമായി വരുന്നത്. കേസിലെ വിചാരണ ഒഴിവാക്കാനാണ് ബൈജു പൗലോസ് ശ്രമിക്കുന്നത്. ഫോണുകൾ പിടിച്ചെടുക്കേണ്ട ആവശ്യമില്ലെന്നും വിവരങ്ങൾ മുഴുവനായും മുബൈയിലെ ലാബിൽ നിന്നും ലഭിച്ചതാണെന്നും ദിലീപ് കോടതിയെ അറിയിച്ചു.
സാക്ഷികളെ ചോദ്യം ചെയ്യണമെന്ന് പറഞ്ഞിട്ട് ഇതുവരെ ചോദ്യം ചെയ്തില്ല. കാവ്യയെ കേസിൽ കുടക്കാൻ ശ്രമം നടത്തി. ഇതിന് തെളിവില്ല. കള്ളതെളിവുകളാണ് തുടരന്വേഷണത്തിൽ ഉണ്ടാക്കിയിട്ടുള്ളതെന്നും മറുപടിയിൽ പറയുന്നു. ഡിജിറ്റൽ തെളിവുകളടക്കം പരിശോധിക്കണമെന്നും ഇപ്പോൾ 70 ശതമാനം മാത്രം അന്വേഷണമാണ് പൂർത്തിയായിട്ടുള്ളുവെന്നും ഡിജിപിയും കോടതിയെ അറിയിച്ചു.