വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍; അരിവണ്ടി ഓടിത്തുടങ്ങി
|ഡിസംബര്‍ ആദ്യവാരത്തോടെ ആന്ധ്രയില്‍ നിന്ന് അരി എത്തിക്കാന്‍ കഴിയുമെന്ന് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാനുള്ള ഇടപെടല്‍ വേഗത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍. സപ്ലൈകോയോ മാവേലി സ്റ്റോറോ ഇല്ലാത്ത സ്ഥലങ്ങളില്‍ സാധനമെത്തിക്കാന്‍ സര്‍ക്കാരിന്‍റെ അരിവണ്ടി ഇന്നുമുതല്‍ ഓടിത്തുടങ്ങി. ഡിസംബര്‍ ആദ്യവാരത്തോടെ ആന്ധ്രയില്‍ നിന്ന് അരി എത്തിക്കാന്‍ കഴിയുമെന്ന് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ചെറുവിരല്‍ പോലും അനക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
വിലക്കയറ്റം കുടുംബ ബജറ്റിനെ താളം തെറ്റിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. ഒരു കുടുംബത്തിന് വേണ്ട എല്ലാ സാധനങ്ങളും അരി വണ്ടിയിലുണ്ടാകും. പൊതുവിപണിയെക്കാള്‍ കുറഞ്ഞ വിലയില്‍ അരി അടക്കമുള്ള സാധനങ്ങള്‍ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. മട്ട അരി-24 രൂപ, ജയ അരിയും കുറുവ അരിയും 25 രൂപ, പച്ചരി 23 രൂപ നിരക്കില്‍ അരിവണ്ടിയില്‍ നിന്ന് വാങ്ങാം. ഒരു റേഷന്‍ കാര്‍ഡ് ഉടമയ്ക്ക് ഇതില്‍ ഏതെങ്കിലും ഒരു അരി പത്ത് കിലോ വീതം നല്‍കും. സപ്ലൈകോയോ മാവേലി സ്റ്റോറി ഇല്ലാത്ത എല്ലാ സ്ഥലങ്ങളിലും അരിവണ്ടിയെത്തും. ഓരോ താലൂക്കിലും രണ്ട് ദിവസം അരിവണ്ടിയുടെ സേവനമുണ്ടാകും. അരി വണ്ടി മന്ത്രി ജി.ആര്‍ അനില്‍ ഫ്ലാഗ് ഓഫ് ചെയ്തു.
ഡിസംബര്‍ ആദ്യത്തോട് കൂടി ആന്ധ്രയില്‍ നിന്ന് അരി എത്തിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. ഒമ്പതിന സാധനങ്ങള്‍ ആന്ധ്രയില്‍ നിന്ന് വാങ്ങാനാണ് ആലോചന. സീസണ്‍ അനുസരിച്ച് സാധനങ്ങള്‍ എത്തിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്ന വിലക്കയറ്റമാണ് നമ്മുടെ നാട്ടിലും പ്രതിഫലിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഓണത്തിന് ശേഷം നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടി. ഇത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.