സംസ്ഥാനത്ത് അരിവില നിയന്ത്രിക്കാന്‍ സർക്കാരിന്‍റെ ഇടപെടൽ; ഇന്ന് ആന്ധ്ര ഭക്ഷ്യമന്ത്രിയുമായി ചര്‍ച്ച നടത്തും
|11.30ന് തിരുവനന്തപുരത്താണ് യോഗം. ആന്ധ്രയില്‍ നിന്ന് ജയ അരി ഇറക്കുമതി ചെയ്യാനാണ് നീക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് അരി വില നിയന്ത്രിക്കാന്‍ ഇടപെടലുമായി സര്‍ക്കാര്‍. ആന്ധ്രയില്‍ നിന്ന് അരി ഇറക്കുമതി ചർച്ച ചെയ്യാൻ ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ ഇന്ന് ആന്ധ്ര ഭക്ഷ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. 11.30ന് തിരുവനന്തപുരത്താണ് യോഗം. ആന്ധ്രയില്‍ നിന്ന് ജയ അരി ഇറക്കുമതി ചെയ്യാനാണ് നീക്കം.
അരിക്കൊപ്പം വറ്റല്‍ മുളക് അടക്കം വില വര്‍ധിച്ച മറ്റ് സാധനങ്ങളും സപ്ലൈകോ നേരിട്ട് വാങ്ങാന്‍ ആലോചിക്കുന്നുണ്ട്. 35 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ ജയ അരിയുടെ ഇപ്പോഴത്തെ വില 60 രൂപയാണ്. ആന്ധ്ര,കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഉല്‍പാദനത്തില്‍ വന്ന കുറവാണ് വിലക്കയറ്റത്തിന് മുഖ്യ കാരണമായി സര്‍ക്കാര്‍ പറയുന്നത്. കേരളപ്പിറവിയോടനുബന്ധിച്ച് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സ്പെഷ്യൽ അരി ലഭ്യമാക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു .
അതേസമയം കേരളപ്പിറവിയോടനുബന്ധിച്ച് എല്ലാ കാർഡ് ഉടമകൾക്കും സ്‌പെഷൽ അരി ലഭ്യമാക്കും.വെള്ള, നീല കാർഡ് ഉടമകൾക്ക് എട്ടു കിലോ അരി സ്‌പെഷലായി 10.90 രൂപ നിരക്കിൽ നൽകും. സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ 500ലധികം കേന്ദ്രങ്ങളിൽ സൗജന്യനിരക്കിൽ നാലിന അരി വിതരണം ചെയ്യും. സപ്ലൈക്കോയോ മാവേലി സ്റ്റോറോ ഇല്ലാത്ത പ്രദേശങ്ങളിലാണ് അരിവണ്ടി എത്തുക.
ഓണത്തിന് 49 രൂപയായിരുന്നു ഒരു കിലോ ആന്ധ്ര ജയ അരിയുടെ ഹോൾസെയിൽ വില. എന്നാൽ, ഇപ്പോൾ അത് എട്ട് രൂപ കൂടി 57ലേക്കെത്തി. ചില്ലറ വ്യാപാരികളിൽനിന്ന് സാധാരണക്കാർ വാങ്ങുമ്പോൾ 60 രൂപയ്ക്ക് മുകളിൽ നൽകണം. കർണാടകയിൽ നിന്നുള്ള ജയ അരിയുടെ വിലയും നാലുരൂപ കൂടി. റോസ് വടി അരിക്ക് 56 രൂപയും റോസ് ഉണ്ട അരിക്ക് 40 രൂപയുമാണ് ഹോൾസെയിൽ വില. മറ്റ് ബ്രാൻഡുകൾക്കും വില കൂടിയിട്ടുണ്ട്. അരിവില കുതിച്ചുയർന്നതോടെ സാധാരണക്കാർക്കൊപ്പം കച്ചവടക്കാരും പ്രതിസന്ധിയിലാണ്. വ്യാപാരവും കുറഞ്ഞു.