ലൈഫ് മിഷൻ കേസില്‍ ലക്ഷങ്ങൾ ചെലവഴിച്ച് സർക്കാർ; സുപ്രിംകോടതി അഭിഭാഷകന് നാലര ലക്ഷം കൂടി അനുവദിച്ചു
|ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കണമെന്നാണ് സർക്കാർ ആവശ്യം
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണ അഴിമതി കേസിൽ സുപ്രിംകോടതി അഭിഭാഷകന് സർക്കാർ ഫീസ് ഇനത്തിൽ ഇതുവരെ നൽകിയത് 60 ലക്ഷം രൂപ. സുപ്രിംകോടതിയിൽ ഹാജരായതിന് 4.50 ലക്ഷം രൂപ കൂടി അഡ്വ.കെ.വി. വിശ്വനാഥനനുവദിച്ച് സർക്കാർ ഉത്തരവിറക്കി.
അഡ്വക്കേറ്റ് ജനറലിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ ഈ മാസം രണ്ടിനാണ് 4.50 ലക്ഷം രൂപ കൂടി അഡ്വ കെ.വി വിശ്വനാഥിന് സർക്കാർ അനുവദിച്ചത്. നേരത്തെ 55 ലക്ഷം രൂപ ഫീസ് ഇനത്തിൽ നൽകിയതായി സർക്കാർ നിയമസഭയിൽ രേഖാമൂലം അറിയിച്ചിരുന്നു. ഇതോടെ ഈ ഇനത്തിൽ സുപ്രിംകോടതി അഭിഭാഷകന് നൽകിയത് 59.50 ലക്ഷം രൂപയാണ്.
വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ ഹർജി നൽകിയത്. സർക്കാരിനുവേണ്ടി ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന യു.വി.ജോസാണ് ഹർജിക്കാരൻ. റെഡ് ക്രസന്റ് ഫ്ളാറ്റ് നിർമ്മാണത്തിനായി നൽകിയ 20 കോടിയിൽ 9.5 കോടി രൂപ കമ്മീഷനായി തട്ടിയെടുത്തുവെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്തിരുന്നു.