Kerala
Plus One seat_malabar
Kerala

മലബാറിലെ പ്ലസ് വൺ പ്രതിസന്ധി: 283 ബാച്ച് അനുവദിക്കണമെന്ന റിപ്പോർട്ട് അട്ടിമറിച്ച് സർക്കാർ

Web Desk
|
19 July 2024 10:15 AM GMT

18 ഹൈസ്കൂളുകള്‍ ഹയർസെക്കൻഡറിയാക്കി അപ്ഗ്രേഡ് ചെയ്യണമെന്ന കാർത്തികേയൻ കമ്മിറ്റി നിർദേശവും അട്ടിമറിച്ചു

കോഴിക്കോട്: മലബാറിലെ പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കുന്നതിന് 283 ബാച്ച് അനുവദിക്കണമെന്ന കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് അട്ടിമറിച്ച് സർക്കാർ. 220 അധിക ബാച്ചും അപ്ഗ്രേഡിലൂടെ 40ഉം, ബാച്ച് മാറ്റത്തിലൂടെ 23 ബാച്ചും ലഭ്യമാക്കണമെന്നായിരുന്നു റിപ്പോർട്ട്. 25 വിദ്യാർഥികളില്‍ കുറവുള്ള 39 ബാച്ചുകള്‍ മലബാറിലേക്ക് മാറ്റണമെന്നും ശുപാർശയുണ്ടായിരുന്നു. മലപ്പുറത്ത് 154 ബാച്ച്, കോഴിക്കോട് 48, പാലക്കാട് 23 ബാച്ച് എന്നിങ്ങനെ അനുവദിക്കണം, 18 ഹൈസ്കൂളുകള്‍ ഹയർസെക്കൻഡറിയാക്കി അപ്ഗ്രേഡ് ചെയ്യണമെന്ന നിർദേശവും അട്ടിമറിച്ചു.

കഴിഞ്ഞ വർഷമാണ് സംസ്ഥാനത്ത് മലബാറിലെയടക്കം പ്ലസ് വൺ പ്രതിസന്ധി സംബന്ധിച്ച് പഠനം നടത്തി പരിഹാരനിർദേശങ്ങൾ സമർപ്പിക്കാനായി പ്ര​ഫ.​വി. കാ​ർ​ത്തി​കേ​യ​ൻ നായരുടെ മേൽനോട്ടത്തിൽ ഒരു മൂന്നംഗ കമ്മിറ്റിയെ വിദ്യാഭാസ വകുപ്പ് നിയോഗിക്കുന്നത്. ഇതനുസരിച്ച് 2023 മെയ്​ 17ന്​ ​കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്‌തു. എന്നാൽ, റിപ്പോർട്ടിന്മേൽ തുടർനടപടികൾ സ്വീകരിക്കാനോ പരിഹാരം കാണാനോ ശ്രമിക്കാതെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ഒ​രു വ​ർ​ഷ​ത്തി​ലേ​റെയായി ഈ റിപ്പോർട്ട് പൂഴ്ത്തി വെക്കുകയായിരുന്നു.

നി​യ​മ​സ​ഭ​യി​ൽ മ​ഞ്ഞ​ളാം​കു​ഴി അ​ലി​ ​എംഎൽഎ ഉന്നയിച്ച ഒരു ചോ​ദ്യ​ത്തി​നു​ള്ള മറുപടിക്കൊപ്പമാണ് റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നത്. സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ 96ഉം ​എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ 126ഉം ​താ​ൽ​ക്കാ​ലി​ക ബാ​ച്ചു​ക​ൾ അനുവദിക്കണമെന്നതടക്കമുള്ള ശുപാർശകൾ കമ്മിറ്റി മുന്നോട്ടുവെച്ചിരുന്നു. 120 ബാ​ച്ചു​ക​ൾ മ​ല​പ്പു​റത്തും 43 ബാ​ച്ചു​ക​ൾ കോ​ഴി​ക്കോ​ട്ടും അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യിരുന്നു ശുപാർശ.

എ​യ്​​ഡ​ഡ്​ വി​ഭാ​ഗ​ത്തി​ൽ മ​ല​പ്പു​റം പു​ളി​ക്ക​ൽ എ.​എം.​എം.​എ​ച്ച്.​എ​സ് പ്രാ​ദേ​ശി​ക ആ​വ​ശ്യ​ക​ത മു​ൻ​നി​ർ​ത്തി മൂ​ന്ന്​ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ച്ച്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യാ​ക്കാ​നും റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു. ഇങ്ങനെ അ​പ്‌​ഗ്രേ​ഡ് ചെ​യ്യു​ന്ന സ്‌കൂളുകളിലെ ബാ​ച്ചു​ക​ളും​ മൂ​ന്നാം വ​ർ​ഷം​വ​രെ വ​രെ താ​ൽ​ക്കാ​ലി​ക സ്വ​ഭാ​വ​ത്തി​ൽ പ്രവർത്തിക്കുകയും ഇതിന് ശേഷം ബാ​ച്ച് സ്ഥി​ര​പ്പെ​ടു​ത്ത​ലും ത​സ്തി​ക സൃ​ഷ്​​ടി​ക്ക​ലും നടത്തിയാൽ മതിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ഹൈ​സ്‌കൂളുകൾ അ​പ്​​ഗ്രേ​ഡ്​ ചെ​യ്യു​ന്ന​ത്​ വ​ഴി ല​ഭി​ക്കു​ന്ന 40 പു​തി​യ ബാ​ച്ചു​ക​ൾ കൂ​ടി പ​രി​ഗ​ണി​ച്ചാ​ൽ 262 ബാച്ചുകൾ വേണമെന്നും​ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. ഇ​തി​നു​ പു​റ​മെ​യാ​ണ്​ 39 ബാ​ച്ചു​ക​ൾ ട്രാൻസ്‌ഫർ ചെയ്യാനുള്ള ശുപാർശ. എന്നാൽ, 2023ലും ഈ ​വ​ർ​ഷ​വും പു​തി​യ ബാ​ച്ചു​ക​ൾ ആ​വ​ശ്യ​മി​ല്ലെന്ന നിലപാടിലായിരുന്നു സർക്കാർ.

സീ​റ്റ്​ ക്ഷാ​മ​ത്തി​ന്‍റെ ഞെട്ടിക്കുന്ന കണക്കുകൾ​ പു​റ​ത്തു​വ​രു​ക​യും വിദ്യാർഥി സംഘടനകളടക്കം കടുത്ത പ്രതിഷേധം ഉയർത്തുകയും ചെയ്‌തതോടെ താൽകാലിക ബാച്ചുകൾ അനുവദിച്ച് ഉത്തരവിറക്കുകയായിരുന്നു സർക്കാർ. മ​ല​പ്പു​റ​ത്ത്​ 120ഉം ​കാ​സ​ർ​കോ​ട്​ 18ഉം ​താ​ൽ​ക്കാ​ലി​ക ബാച്ചുകളാണ് അനുവദിച്ചത്.ഇതോടെ സീ​റ്റ്​ ക്ഷാ​മം പ​രി​ഹ​രി​ക്കാ​നാ​യി 301 ബാ​ച്ചു​ക​ൾ ല​ഭ്യ​മാ​കു​മെ​ന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

അതേസമയം, കാർത്തികേയൻ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ നടപ്പാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി ഒ.പി അഷ്റഫ് കുറ്റിക്കടവും ആവശ്യപ്പെട്ടു. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും പ്ലസ് വൺ ബാച്ച് അനുവദിച്ചതിൽ ഉണ്ടായ വിവേചനം റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രദേശികമായ ജനസംഖ്യ പരിഗണിക്കപ്പെട്ടിട്ടില്ല. ഈ തെറ്റുതിരുത്താൻ സർക്കാർ മുന്നോട്ട് വരണമെന്നും എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു.

Similar Posts