എഡിജിപി അജിത് കുമാറിനെ സംരക്ഷിച്ച് സർക്കാർ; സുജിത് ദാസിനെതിരായ നടപടി സ്ഥലം മാറ്റത്തിലൊതുക്കി
|വി.ജി വിനോദ് കുമാറാണ് പത്തനംതിട്ടയിലെ പുതിയ എസ്പി
തിരുവനന്തപുരം: പി.വി അൻവർ എംഎൽഎ ഗുരുതര ആരോപണം ഉയർത്തിയ എഡിജിപി അജിത് കുമാറിനെയും പത്തനംതിട്ട എസ്പി സുജിത് ദാസിനെയും സംരക്ഷിച്ച് സർക്കാർ. അജിത് കുമാറിനെതിരെ അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നെങ്കിലും ഇതുവരെയും തീരുമാനമായിട്ടില്ല. അജിത് കുമാറിനെ എഡിജിപി സ്ഥാനത്തുനിന്ന് മാറ്റില്ലെന്നാണ് വിവരം.
പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരെയും കടുത്ത നടപടിയില്ല. എസ്പിക്കെതിരായ നടപടി സ്ഥലംമാറ്റത്തിലൊതുക്കി. പുതിയ തസ്തിക നൽകാതെയാണ് സ്ഥലം മാറ്റം. സംസ്ഥാന പൊലീസ് മേധാവിക്ക് മുമ്പാകെ റിപ്പോർട്ട് ചെയ്യാനാണ് ഉത്തരവ്. വി.ജി വിനോദ് കുമാറാണ് പത്തനംതിട്ടയിലെ പുതിയ എസ്പി.
എഡിജിപി എം.ആർ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പരാമർശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവി ഷെയ്ക് ദർവേഷ് സാഹിബ്, ജി. സ്പർജൻ കുമാർ (ഐജിപി, സൗത്ത് സോൺ & സിപി, തിരുവനന്തപുരം സിറ്റി), തോംസൺ ജോസ് (ഡിഐജി, തൃശൂർ റേഞ്ച്), എസ്. മധുസൂദനൻ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ.ഷാനവാസ് (എസ്‌പി, എസ്എസ്‌ബി ഇന്റലിജൻസ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന സംഘമാണ് രൂപീകരിക്കുക.
ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തും. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.