കത്ത് വിവാദത്തില്‍ സി.ബി.ഐ അന്വേഷണം തള്ളി സര്‍ക്കാര്‍; കത്ത് വ്യാജമെന്ന് ആര്യ ഹൈക്കോടതിയില്‍
|കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഹരജി അപ്രസക്തമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു
കൊച്ചി: തിരുവനന്തപുരം കോർപറേഷൻ കത്ത് കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ഹരജിയെ എതിര്‍ത്ത് സര്‍ക്കാര്‍. കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഹരജി അപ്രസക്തമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എഫ്.ഐ.ആറിന്‍റെ പകര്‍പ്പും കോടതിയില്‍ ഹാജരാക്കി. കത്ത് വ്യാജമാണെന്ന് മേയർ ആര്യാ രാജേന്ദ്രൻ കോടതിയില്‍ പറഞ്ഞു. കോർപ്പറേഷൻ മുൻ കൗൺസിലർ ജി. എസ് ശ്രീകുമാര്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് ഈ മാസം 30 ലേക്ക് മാറ്റി.
അതേസമയം കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇന്നും പ്രതിഷേധം തുടര്‍ന്നു. ഗേറ്റ് ഉപരോധിച്ച യുവമോർച്ചക്കാരും കോർപ്പറേഷൻ ജീവനക്കാരും തമ്മിൽ കയ്യാങ്കളി നടന്നു. മേയർ രാജിവച്ച ശേഷം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് ധർണ ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല പറഞ്ഞു. ബി.ജെ. പി പ്രതിഷേധ മാർച്ചും ധർണയും നടത്തി. നിയമന കത്ത് കേസിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ മൊഴി ഉടൻ രേഖപ്പെടുത്തും. ആര്യയുടെ മൊഴി ഇന്നലെ എടുത്തിരുന്നു.