Kerala
എൻഡോസൾഫാൻ ഇരകൾക്ക് സർക്കാർ നീതിനിഷേധിക്കരുത്: സി.പി.ഐ മുഖപത്രം
Kerala

എൻഡോസൾഫാൻ ഇരകൾക്ക് സർക്കാർ നീതിനിഷേധിക്കരുത്: സി.പി.ഐ മുഖപത്രം

Web Desk
|
18 May 2022 4:26 AM GMT

ബോധപൂർവം അല്ലെങ്കിൽത്തന്നെയും സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനമാണ് ഈ ദുരിതത്തിന് ഉത്തരവാദികൾ എന്ന് ഇതിനകം സമൂഹത്തിനും ബന്ധപ്പെട്ട എല്ലാവർക്കും ബോധ്യമുള്ള വസ്തുതയാണെന്നും ജനയുഗം കുറ്റപ്പെടുത്തി

എൻഡോസൾഫാൻ ഇരകൾക്ക് സർക്കാർ നീതി നിഷേധിക്കരുതെന്ന് സിപിഐ മുഖപത്രം. സർക്കാരിന്റെ സൽപ്പേരിന് കളങ്കമായി ഇത് തുടരാൻ അനുവദിക്കരുതെന്നും ജനയുഗം മുഖ പ്രസംഗത്തിൽ വ്യക്തമാക്കുന്നു. 3074 ഇരകളിൽ എട്ട് പേർക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചതെന്നും ജനയുഗം ചൂണ്ടിക്കാട്ടി.

നഷ്ടപരിഹാരം വിതരണം ചെയ്യുന്നത് സമയബന്ധിതമായി നിറവേറ്റാത്തത് സർക്കാർ പരിശോധിക്കണമെന്നും ജനയുഗം ആവശ്യപ്പെട്ടു. 2017 ലാണ് എൻഡോസൾഫാൻ ഇരകൾക്ക് അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചത്. എന്നാൽ, ഇതുവരെ കണ്ടെത്തിയ 3704 ഇരകളിൽ കേവലം എട്ടുപേർക്കുമാത്രമേ നഷ്ടപരിഹാരം നൽകിയിട്ടുള്ളൂ. അതുതന്നെ കോടതിവിധി നടപ്പാക്കാത്തതിന് എതിരെ സുപ്രീം കോടതിയെ സമീപിച്ചവർക്കു മാത്രം.

സംസ്ഥാന സർക്കാർ ഇക്കൊല്ലം ജനുവരി മാസത്തിൽ എൻഡോസൾഫാൻ ഇരകൾക്ക് വിതരണം ചെയ്യുന്നതിനായി 200 കോടിരൂപ അനുവദിച്ചെങ്കിലും കഴിഞ്ഞ നാലുമാസത്തിനുള്ളിൽ നാല്പതുലക്ഷം രൂപയെ വിതരണം ചെയ്തിട്ടുള്ളു എന്നത് പ്രതിഷേധാർഹവും അപലപനീയവും ക്രൂരവുമാണെന്ന് സിപിഐ വിലയിരുത്തുന്നു. ഇരകൾ നിരന്തര ചികിത്സയും ഏറെ പരിചരണവും ആവശ്യമുള്ളവരാണ്. അതുകൊണ്ടുതന്നെ ജീവൻ നിലനിർത്താനാവശ്യമായ തുച്ഛവരുമാനത്തിന് കൂലിപ്പണിക്കോ കൃഷികാര്യങ്ങൾ വേണ്ടവിധം നോക്കിനടത്താനോ രക്ഷിതാക്കൾക്ക് കഴിയാത്ത ദുരവസ്ഥയിലാണ്. ഈ യാഥാർത്ഥ്യങ്ങൾ അവഗണിക്കാതെ അർഹരായ മുഴുവൻ എൻഡോസൾഫാൻ ഇരകൾക്കും അടിയന്തരമായി നഷ്ടപരിഹാരം നൽകാൻ നടപടി ഉണ്ടാവണമെന്നാണ് സിപിഐ മുന്നോട്ട് വെക്കുന്ന ആവശ്യം.

എൻഡോസൾഫാൻ ഇരകൾ തങ്ങളുടേതല്ലാത്ത കാരണംകൊണ്ട് അവർണനീയമായ ദുരന്തത്തിൽ അകപ്പെട്ടവരാണ്. ബോധപൂർവം അല്ലെങ്കിൽത്തന്നെയും സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനമാണ് ഈ ദുരിതത്തിന് ഉത്തരവാദികൾ എന്ന് ഇതിനകം സമൂഹത്തിനും ബന്ധപ്പെട്ട എല്ലാവർക്കും ബോധ്യമുള്ള വസ്തുതയാണെന്നും ജനയുഗം കുറ്റപ്പെടുത്തി. എൻഡോസൾഫാന്റെ വിനാശകരമായ പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞാണ് കേരളമടക്കം പരിഷ്‌കൃത സമൂഹങ്ങൾ അതിന്റെ ഉപയോഗം നിരോധിച്ചതെന്നും ജനയുഗം എഡിറ്റോറിയലിൽ പറയുന്നു.

ദുരിതം അനുഭവിക്കുന്നവർക്ക് ആവശ്യമായ ചികിത്സ നൽകാനും അവരുടെ സാന്ത്വന പരിചരണത്തിന് ആവശ്യമായ പിന്തുണ നൽകാനും ഗവൺമെന്റിന് ബാധ്യത ഉണ്ട്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിസർക്കാർ രാഷ്ട്രീയമായും ധാർമികമായും ആ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുള്ളതുമാണ്. എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഇരുന്നൂറുകോടി രൂപ മാറ്റിവയ്ക്കുകവഴി സർക്കാർ ആ ഉത്തരവാദിത്തം നിറവേറ്റുന്നതിലേക്ക് സുപ്രധാനമായ ഒരു ചുവടുവയ്പ് നടത്തുകയും ചെയ്തു. എന്നാൽ അതിന്റെ വിതരണം സമയബന്ധിതമായി നിറവേറ്റാൻ എന്തുകൊണ്ടായില്ല എന്നത് ഗൗരവപൂർവം പരിശോധിക്കാൻ സർക്കാർ തയാറാവണമെന്നും ജനയുഗം ആവശ്യപ്പെട്ടു.

Similar Posts