പ്ലസ്‍ വൺ സീറ്റ് പ്രതിസന്ധി: കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ടിൽ മൗനം തുടർന്ന് സർക്കാർ
|മലപ്പുറത്തെ പ്രതിസന്ധി പഠിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ചത് ഒരു ശാശ്വത പരിഹാരം എന്ന നിലയ്ക്കല്ല
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ഉദ്ദേശിച്ചുകൊണ്ടുള്ള കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാതെ സർക്കാർ. കഴിഞ്ഞ മെയ് 16നാണ് റിപ്പോര്‍ട്ട് വകുപ്പ് മന്ത്രിക്ക് കൈമാറിയത്. ഇതുവരെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയോ നിര്‍ദേശങ്ങളില്‍ ഒന്നുപോലും നടപ്പാക്കുകയോ ചെയ്തിട്ടില്ല.
നിലവിൽ മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പഠിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ചത് ഒരു ശാശ്വത പരിഹാരം എന്ന നിലയ്ക്കല്ല. പകരം താൽക്കാലിക ബാച്ചുകൾ ഏതൊക്കെ രീതിയിൽ അനുവദിക്കണമെന്നാകും സമിതി പ്രധാനമായും പരിശോധിക്കുക.
85 സർക്കാർ സ്കൂളുകളും 88 എയ്ഡഡ് സ്കൂളുകളും അടക്കം 173 ഹയർസെക്കൻഡറി വിദ്യാലയങ്ങളാണ് മലപ്പുറത്തുള്ളത്. സർക്കാരിന്റെ കണക്ക് പ്രകാരം ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഭാഗം സീറ്റുകൾക്ക് ക്ഷാമം നേരിടുന്നു. കൊമേഴ്സ് വിഭാഗത്തിൽ 3405 സീറ്റുകളും ഹ്യൂമാനിറ്റിസ് വിഭാഗത്തിൽ 3717 സീറ്റുകളും കുറവുണ്ട്.
എന്നാൽ, ജില്ലയിലെ ഏഴ് താലൂക്കുകളിൽ സയൻസ് സീറ്റുകൾ അധികമാണെന്ന് മന്ത്രി പറയുന്നു. ഇക്കാര്യങ്ങളൊക്കെ വിശദമായി പഠിക്കലാണ് പുതിയ സമിതിയുടെ ചുമതല.
ഏതൊക്കെ സ്കൂളുകളിൽ എന്തൊക്കെ വിഷയങ്ങളിൽ ബാച്ചുകൾ അനുവദിക്കണമെന്ന് സമിതി പഠിക്കും. സർക്കാർ സ്കൂളുകളിൽ മാത്രമാകും അധിക ബാച്ചുകൾ ഉണ്ടാവുക.
താലൂക്ക് അടിസ്ഥാനത്തിൽ അലോട്ട്മെൻറ് നടത്തുന്ന കാര്യം പരിഗണിക്കണമെന്ന ആവശ്യം ഇന്നലത്തെ യോഗത്തിൽ വിദ്യാർഥി സംഘടനകൾ മുന്നോട്ടുവച്ചിരുന്നു. ഈ ആവശ്യവും സമിതി പഠന വിഷയമാക്കും. ഇതിനുവേണ്ടി താലൂക്ക് തല കണക്കുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് ശേഖരിച്ചിട്ടുണ്ട്.
സപ്ലിമെൻററി അലോട്ട്മെൻ്റിന് മുമ്പായിത്തന്നെ താൽക്കാലിക പരിഹാരം ഉണ്ടാക്കണമെന്നാണ് തീരുമാനം. അതേസമയം കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് സർക്കാരിന്റെ മൗനം തുടരുകയാണ്.