Kerala
retirement,govt employees,government will borrow Rs 2,000 crore huge  retirement of employees,latest malayalam news,സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ട വിരമിക്കല്‍; ബാധ്യത നേരിടാന്‍  കടമെടുക്കുന്നത് 2,000 കോടി
Kerala

സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ട വിരമിക്കല്‍; ബാധ്യത നേരിടാന്‍ കടമെടുക്കുന്നത് 2,000 കോടി

Web Desk
|
30 May 2023 2:38 PM GMT

1,500 കോടി രൂപയോളം വിരമിക്കല്‍ ആനുകൂല്യമായി നല്‍കേണ്ടി വരും

തിരുവനന്തപുരം: ജീവനക്കാരുടെ കൂട്ടവിരമിക്കലിന്റെ വന്‍ ബാധ്യത നേരിടാന്‍ 2,000 കോടി രൂപ സര്‍ക്കാര്‍ കടമെടുക്കും. അടുത്ത രണ്ട് ദിവസങ്ങളില്‍ പതിനായിരത്തോളം പേരാണ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. 1,500 കോടി രൂപയോളം വിരമിക്കല്‍ ആനുകൂല്യമായി നല്‍കേണ്ടി വരും.

കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചതടക്കം സാമ്പത്തിക വെല്ലുവിളികളേറെ നിറഞ്ഞ സമയത്താണ് സര്‍‌ക്കാര്‍ ജീവനക്കാരുടെ കൂട്ടവിരമിക്കല്‍.ജൂണ്‍ ഒന്നിനകം സര്‍വീസില്‍ നിന്ന് വിരമിക്കാനുള്ളത് പതിനായിരത്തോളം ജീവനക്കാരാണ്. വിരമിക്കല്‍ ആനുകൂല്യം നല്‍കാന്‍ 1,500 കോടി രൂപ ഈ ദിവസങ്ങളില്‍ വേണം.

ഗ്രാറ്റുവിറ്റി,പിഎഫ്,പെന്‍ഷന്‍ കമ്യൂട്ടേഷന്‍ അടക്കം 15 ലക്ഷം രൂപ മുതല്‍ 80 ലക്ഷം രൂപ വരെ വിരമിക്കല്‍ ആനുകൂല്യമായി ഓരോരുത്തര്‍ക്കും നല്‍കേണ്ടി വരും. ഇത് കണക്കിലെടുത്താണ് രണ്ടായിരം കോടി കടമെടുക്കാനുള്ള തീരുമാനം. ജൂണില്‍ സ്കൂളില്‍ ചേരാന്‍ മെയില്‍ ജനനത്തീയതി ചേര്‍ക്കുന്ന രീതി മുമ്പ് വ്യാപകമായിരുന്നതിനാലാണ് ജീവനക്കാരുടെ ഈ കൂട്ടവിരമിക്കല്‍. ഇതിനോടകം രണ്ടായിരം കോടി രൂപ സംസ്ഥാനം കടമെടുത്തിട്ടുണ്ട്. കേന്ദ്ര നിലപാട് കാരണം 11,000 കോടി രൂപ മാത്രമാകും ഈ സാമ്പത്തിക വര്‍ഷം ഇനി സംസ്ഥാനത്തിന് വായ്‍പയെടുക്കാനാകുക.


Similar Posts