സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിക്കാൻ ഊർജിത പദ്ധതിയുമായി സർക്കാർ
|വിവാഹം, ശവസംസ്കാരം തുടങ്ങി പൊതു ചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്ക് ആര്‍ക്കെങ്കിലും കോവിഡ് വന്നാല്‍ പങ്കെടുത്തവര്‍ എല്ലാവരും പരിശോധനക്ക് വിധേയരാകണം
സംസ്ഥാനത്ത് കോവിഡ് പരിശോധന വർദ്ധിപ്പിക്കാൻ ഊർജിത പദ്ധതിയുമായി ആരോഗ്യ വകുപ്പ്. വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ ടെസ്റ്റിംഗ് വ്യാപിപ്പിക്കാനാണ് തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പരിശോധന വർധിപ്പിക്കാനുള്ള തീരുമാനം. വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ വ്യാപക പരിശോധന നടത്താനാണ് നിർദേശം.
രോഗ വ്യാപനം കണ്ടെത്തുന്ന സ്ഥലങ്ങളിലും ക്ലസ്റ്ററുകളിലും ടെസ്റ്റ് വർധിപ്പിക്കും. വിവാഹം, ശവസംസ്കാരം തുടങ്ങി പൊതു ചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്ക് ആര്‍ക്കെങ്കിലും കോവിഡ് വന്നാല്‍ പങ്കെടുത്തവര്‍ എല്ലാവരും പരിശോധനക്ക് വിധേയരാകണം. ആരോഗ്യ പ്രവർത്തകർ , കച്ചവടക്കാർ, മുന്നണി പോരാളികൾ, വിവിധ ഹോമുകൾ എന്നിവ കേന്ദ്രീകരിച്ചും പരിശോധന നടത്തും.ക്ലസ്റ്റര്‍ മേഖലയില്‍ നേരിട്ടെത്തിയും ക്യാമ്പുകള്‍ മുഖേനയും സാമ്പിള്‍ ശേഖരിക്കാനാണ് നിർദേശം.
അതേസമയം കോവിഡ് സംബന്ധിച്ച വിവരങ്ങൾ എന്തിനാണ് സർക്കാർ മറച്ചുവെക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചു. അത്തരം വിവരങ്ങൾ പുറത്തുവന്നാൽ മാത്രമാണ് അത് വിശകലനം ചെയ്ത് അടുത്ത തരംഗം തടയാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാനാവുക. സ്വകാര്യ മേഖലയിലും പൊതു മേഖലയിലുമുള്ള ഗവേഷണ സ്ഥാപനങ്ങളും മറ്റും ആ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുക. മറ്റു സംസ്ഥാനങ്ങൾ അങ്ങിനെയാണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടി.