തൃക്കാക്കര നഗരസഭയിൽ ഭരണസമിതിയെ മറികടന്നുള്ള നീക്കങ്ങളിൽ നിന്ന് സർക്കാർ പിൻമാറുന്നു
|സെക്രട്ടറി ബി. അനില്‍കുമാര്‍ വീണ്ടും അവധിയില്‍ പോയെങ്കിലും പൂര്‍ണ അധിക ചുമതല സൂപ്രണ്ടിന് നല്‍കി തദ്ദേശവകുപ്പ് ഉത്തരവിറക്കി
കൊച്ചി: തൃക്കാക്കര നഗരസഭയില്‍ ഭരണസമിതിയെ മറികടന്നുള്ള നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുന്നു. സെക്രട്ടറി ബി. അനില്‍കുമാര്‍ വീണ്ടും അവധിയില്‍ പോയെങ്കിലും പൂര്‍ണ അധിക ചുമതല സൂപ്രണ്ടിന് നല്‍കി തദ്ദേശവകുപ്പ് ഉത്തരവിറക്കി. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരത്തില്‍ കടന്നു കയറില്ലെന്ന വിശദീകരണവുമായി വകുപ്പ് മന്ത്രി എം.ബി രാജേഷും രംഗത്ത് വന്നു.
തൃക്കാക്കര നഗരസഭാ കൗണ്‍സില്‍ പാസാക്കിയ തീരുമാനങ്ങള്‍ നിയവിരുദ്ധമായി തദ്ദേശവകുപ്പ് മരവിപ്പിക്കുന്നത് മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്. സര്‍ക്കാര്‍ നടപടി മൂലം തൃക്കാക്കര നഗരസഭയില്‍ പ്രതിസന്ധി രൂപപ്പെട്ടിരുന്നു. തദ്ദേശസ്ഥാപനങ്ങളില്‍ ഇടപെടുന്നതിന് സര്‍ക്കാരിനുള്ള പരിമിതി മന്ത്രി അംഗീകരിച്ചതിന് പിറകെ തദ്ദേശവകുപ്പിന്റെ നിലപാടിലും മാറ്റമുണ്ടായി. നഗരസഭാ സെക്രട്ടറി ബി.അനില്‍കുമാറിന് ഇന്നലെ അവധി അനുവദിച്ചതിനൊപ്പം ചുമതല സൂപ്രണ്ടിന് നല്‍കി തദ്ദേശവകുപ്പ് ഉത്തരവിറക്കി.
ചെയര്‍പേഴ്സണെ അറിയിക്കാതെയും ചുമതല കൈമാറാതെയമുണ് മാസങ്ങളായി സെക്രട്ടറി അവധിയെടുത്തുകൊണ്ടിരുന്നത്. ഭരണസമിതിയെ ഭീഷണിപ്പെടുത്തിയും സര്‍ക്കാരിലുള്ള തന്റെ സ്വാധീനം വിശദീകരിച്ചുമുള്ള സെക്രട്ടറിയുടെ ശബ്ദസന്ദേശം മീഡിയവണ്‍ പുറത്തുവിട്ടതോടെ തദ്ദേശവകുപ്പ് ശരിക്കും വെട്ടിലാവുകയായിരുന്നു. ഇതിന് പിറകെയാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്. സെക്രട്ടറിക്കെതിരെ ചെയര്‍പേഴ്സണ്‍ നല്‍കിയ പരാതിയില്‍ നഗരകാര്യവിഭാഗം അന്വേഷണം തുടരുകയാണ്. സെക്രട്ടറിയെ പിന്തുണച്ച് എല്‍.ഡി.എഫ് കിടപ്പു സമരം വരെ നടത്തിയിട്ടും സര്‍ക്കാരിന് പിറകോട്ട് പോകേണ്ടിവന്നത് തദ്ദേശവകുപ്പിന്റെ നടപടികള്‍ തുറന്നു കാട്ടപ്പെട്ടതുകൊണ്ടാണ്.