Kerala
മാ‍ര്‍ക്കിങ് മാത്രം മതി, കല്ലിടല്‍ നിര്‍ബന്ധമില്ല; കെ റെയിലില്‍ സര്‍ക്കാര്‍ വാദം പൊളിയുന്നു
Kerala

'മാ‍ര്‍ക്കിങ് മാത്രം മതി, കല്ലിടല്‍ നിര്‍ബന്ധമില്ല'; കെ റെയിലില്‍ സര്‍ക്കാര്‍ വാദം പൊളിയുന്നു

Web Desk
|
23 March 2022 6:43 AM GMT

സാമൂഹിക ആഘാത പഠനത്തിന് എന്തിന് കല്ലുകളിടുന്നുവെന്ന ചോദ്യത്തിന് കെ റെയില്‍ എം.ഡിക്കും കഴിഞ്ഞ ദിവസം വ്യക്തമായ ഉത്തരം നല്‍കാനായിരുന്നില്ല.

സാമൂഹിക ആഘാത പഠനത്തിന് സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ വാദം പൊളിയുന്നു. കേരള സര്‍വേസ് ആന്‍റ് ബൌണ്ടറീസ് ആക്ട് പ്രകാരം സര്‍വേക്ക് കല്ലുകള്‍ സ്ഥാപിക്കണമെന്ന് വ്യവസ്ഥയില്ല. ഏതെങ്കിലും തരത്തിലുള്ള മാര്‍ക്കിങ് മതിയെന്നാണ് നിയമം പറയുന്നതെന്ന് രേഖകകള്‍ തെളിയിക്കുന്നു.

നിലവില്‍ നടക്കുന്നത് ഭൂമി ഏറ്റെടുക്കലല്ലെന്നും സാമൂഹിക ആഘാത പഠനത്തിനുള്ള സര്‍വേ മാത്രമാണെന്നുമാണ് കെ റെയിലും സര്‍ക്കാരും വിശദീകരിക്കുന്നത്. ഏത് പദ്ധതിക്കും സാമൂഹിക ആഘാത പഠനം നടത്താന്‍ സര്‍ക്കാരിന് അകവാശമുണ്ടെന്നാണ് കേരള സര്‍വേസ് ആന്‍റ് ബൌണ്ടറീസ് ആക്ട് വിശദീകരിക്കുന്നത്. ഇതിലെ നാലും ആറും വകുപ്പുകള്‍ പ്രകാരമാണ് സര്‍വേയ്ക്കുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. പക്ഷേ ഇതിലൊരിടത്തും സര്‍വേ കല്ലുകള്‍ സ്ഥാപിക്കണമെന്ന് പറയുന്നില്ല. സര്‍വേ നടത്തി പ്രദേശം മാര്‍ക്ക് ചെയ്താല്‍ മതിയാവും. അതിന് മഞ്ഞ നിറത്തിലുള്ള ഗുണന ചിഹ്നമോ വരകളോ മതിയാവുമെന്ന് റവന്യു ഉദ്യോഗസ്ഥരും സമ്മതിക്കുന്നു.

സാമൂഹിക ആഘാത പഠനത്തിന് എന്തിന് കല്ലുകളിടുന്നുവെന്ന ചോദ്യത്തിന് കെ റെയില്‍ എം.ഡിക്കും കഴിഞ്ഞ ദിവസം വ്യക്തമായ ഉത്തരം നല്‍കാനായിരുന്നില്ല.

ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇതിനെല്ലാം അംഗീകാരം നല്‍കിയിട്ടുണ്ടെന്ന വാദമാണ് കെ റെയില്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത്. നിയമ പ്രകാരം സാമൂഹിക ആഘാത പഠനത്തിന് കല്ലിടല്‍ നിര്‍ബന്ധമില്ലെന്നിരിക്കെ പിന്നെ എന്തിനാണ് ഭൂമി ഏറ്റെടുക്കലാണെന്ന സംശയം സൃഷ്ടിക്കുന്ന രീതിയിലെ നടപടികളെന്ന ചോദ്യത്തിന് സര്‍ക്കാരിനും കെ റെയിലിനും കൃത്യമായ ഉത്തരമില്ല.


Similar Posts