ലൈഫ് മിഷൻ കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമം,അടിയന്തരമായി ഇടപെടണം; അനിൽ അക്കര സുപ്രിംകോടതിയിൽ
|കേസ് അട്ടിമറിക്കാൻ വിജിലൻസ് തുടക്കം മുതൽ സ്വീകരിച്ച വൃത്തികെട്ട നടപടികൾ ഇപ്പോഴും തുടരുകയാണെന്ന് അനിൽ അക്കര പറഞ്ഞു
തിരുവനന്തപുരം: സുപ്രിംകോടതി പരിഗണനയിലിരിക്കുന്ന ലൈഫ് മിഷൻ കേസിൽ സംസ്ഥാന സർക്കാർ അനുമതിയില്ലാതെ ഇടപെട്ടെന്ന് മുന്‍ എം.എല്‍.എ അനിൽ അക്കര. സരിത്തിനെ വിജിലൻസ് തട്ടി തട്ടിക്കൊണ്ടു പോയതിന് പിന്നാലെ കേസിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി നൽകി.
കേസ് അട്ടിമറിക്കാൻ പിണറായി സർക്കാരിന് വേണ്ടി വിജിലൻസ് തുടക്കം മുതൽ സ്വീകരിച്ച വൃത്തികെട്ട നടപടികൾ ഇപ്പോഴും തുടരുകയാണ്. നിലവിലെ സാഹചര്യം ചൂണ്ടികാട്ടി സുപ്രിംകോടതിയിൽ അഡ്വ. രാജി ജോസഫ് മുഖേന പ്രത്യേക അടിയന്തിര ഹരജി നൽകിയെന്നും അനില്‍ അക്കര പറഞ്ഞു. ലൈഫ് ഫ്ലാറ്റ് തട്ടിപ്പ് കേസിന്റെ തുടക്കം ഈ സ്വർണ്ണകടത്ത് കേസിൽ നിന്നാണ് ആരംഭിക്കുന്നത്. അതിനാൽ നിലവിലെ കേസിനൊപ്പം ഈ കേസുകൂടി അന്വേഷിക്കണം. കേരള ഹൈക്കോടതിയുടെ മേൽനോട്ടത്തിലാകണമിതെന്നും ഹരജിയിൽ ആവശ്യപെട്ടിട്ടുണ്ട്.
ലൈഫ് മിഷൻ കേസിൽ സരിത് സ്വമേധയാ മൊഴി നൽകാനെത്തിയതാണെന്ന വിജിലൻസ് വാദം തള്ളി സരിത് തന്നെ രംഗത്തെത്തിയിരുന്നു. നോട്ടീസ് നൽകാതെ തന്നെ വിജിലൻസ് ബലമായി പിടിച്ചു കൊണ്ട് പോയതാണെന്നും ഫ്ലാറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും സരിത് പറഞ്ഞു. ലൈഫ് മിഷൻ കേസിനെ പറ്റി ഒന്നും ചോദിച്ചില്ല, ആര് പറഞ്ഞിട്ടാണ് മുഖ്യമന്ത്രിക്കെതിരെ സ്വപ്ന മൊഴി കൊടുത്തതെന്നാണ് ചോദിച്ചത്. അതേസമയം,16ാം തീയതി വിജിലൻസ് ഓഫീസിൽ ഹാജരാകാൻ നോട്ടിസ് നൽകിയെന്നും സരിത്ത് കൂട്ടിച്ചേര്‍ത്തു.
വടക്കാഞ്ചേരി ലൈഫ് മിഷൻ കേസില്‍ മൊഴിയെടുക്കാനാണ് സരിത്തിനെ കൊണ്ടുപോയതെന്നും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നുമായിരുന്നു വിജിലന്‍സ് സംഘം വിശദീകരിച്ചത്. മൊഴിയെടുക്കാനുള്ള നോട്ടീസ് നൽകാനാണ് ഫ്ളാറ്റില്‍ പോയതെന്നും നോട്ടീസ് കൈപറ്റിയ ശേഷം സരിത് അപ്പോൾ തന്നെ സ്വമേധയാ കൂടെ വരികയായിരുന്നെന്നുമായിരുന്നു വിജിലൻസ് പറഞ്ഞത്. സരിത്തിനെ താമസസ്ഥലത്ത് നിന്ന് തട്ടിക്കൊണ്ടുപോയെന്ന ആരോപണവുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയിരുന്നു. തനിക്കും കുടുംബത്തിനുമെതിരെ പൊലീസ് കള്ളക്കേസെടുക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു സ്വപ്നയുടെ ആരോപണം.