മന്ത്രിമാരെ പിൻവലിക്കുമെന്ന പ്രസ്താവന ഗൗരവമുള്ളത്; ഗവർണറുടെ ഭീഷണിയെ നേരിടാനൊരുങ്ങി സിപിഎം
|പ്രത്യക്ഷ സമര പരിപാടികളെ കുറിച്ചും ആലോചന
തന്നെ വിമർശിച്ചാൽ മന്ത്രിമാരെ പിൻവലിക്കാൻ വരെ മടിക്കില്ലെന്ന പ്രസ്താവന സംസ്ഥാന ചരിത്രത്തിൽ ഇതുവരെ ഒരു ഗവർണറും നടത്തിയിട്ടില്ല. അത് കൊണ്ട് തന്നെ ഗൗരവത്തിൽ വിഷയത്തെ കാണാന്‍ സിപിഎം തീരുമാനിച്ചിരിക്കുകയാണ്. ഇന്നലെ ഗവർണറുടെ പ്രസ്താവന വന്നതിന് പിന്നാലെ സിപിഎമ്മിൻറെ അവൈലബിൾ സെക്രട്ടറിയേറ്റ് യോഗം ചേർന്ന് തുടർ കാര്യങ്ങൾ ചർച്ച ചെയ്തിരിന്നു. മുഖ്യമന്ത്രിയടക്കം പ്രകോപനപരമായി സംസാരിക്കാതെയിരിക്കുന്ന സമയത്ത് സർക്കാരിനെ ചൊടിപ്പിക്കാൻ കേരള സർവ്വകലാശാല സെനറ്റ് പ്രതിനിധികളെ പിൻലിക്കുകയും പിന്നാലെ മന്ത്രിമാരെ തിരിച്ച് വിളിക്കുമെന്ന ഭീഷണിപ്പെടുത്തുകയും ചെയ്തത് അതീവ ഗൗരവമായിട്ടാണ് സിപിഎം കാണുന്നത്.
നിയമസഭ പാസാക്കിയ പ്രധാനപ്പെട്ട ബില്ലുകളിൽ ഗവർണർ ഒപ്പിടാതെ മാറ്റി വച്ചിരിക്കുന്നതും സിപിഎമ്മിനെ ചൊടിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഗവർണറുടെ അസാധാരണ നീക്കം സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന് പറയുന്ന സിപിഎം ഇതിനെ തുറന്ന് കാട്ടാൻ വേണ്ടിയുള്ള പ്രചണരണ പരിപാടികളിലേക്ക് നീങ്ങിയേക്കും. മുന്നണി തലത്തിൽ തന്നെ പരസ്യപ്രചരണം ആരംഭിക്കണമെന്നാവശ്യം ശക്തമാണ്. സിപിഐ പാർട്ടി കോൺഗ്രസിന് ശേഷം ഇക്കാര്യങ്ങൾ ചർച്ച ചെയ്യും.