Kerala
governor alleges again sfi protesters are criminals
Kerala

നിലപാട് ആവർത്തിച്ച് ഗവർണർ; എസ്എഫ്‌ഐക്കാർ ക്രിമിനലുകളെന്ന് ആരോപണം; പ്രതിഷേധം തുടരുന്നു

Web Desk
|
18 Dec 2023 12:25 PM GMT

കേരള പൊലീസിനെ പുകഴ്ത്തിയും ഗവർണർ രംഗത്തെത്തി. ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസാണ് കേരളത്തിലേതെന്ന് ഗവർണർ പറഞ്ഞു.

കോഴിക്കോട്: പ്രതിഷേധം തുടരുന്ന എസ്എഫ്‌ഐ പ്രവർത്തർക്കെതിരെ നിലപാട് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ പ്രതിഷേധിക്കുന്നവരും ക്രിമിനലുകളാണെന്ന് ആവർത്തിച്ച ഗവർണർ, പ്രതിഷേധം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണെന്നും ആരോപിച്ചു. സെമിനാറിൽ പങ്കെടുത്ത് ഇറങ്ങിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ഗവർണരുടെ ആരോപണം.

കേരളത്തിലെ ജനങ്ങളിൽ നിന്നും തനിക്കെതിരെ യാതൊരു പ്രതിഷേധവുമില്ല. രാവിലെ മിഠായി തെരുവിലടക്കം സന്ദർശനം നടത്തിയപ്പോൾ വലിയ സ്വീകരണമാണ് തനിക്ക് ലഭിച്ചത്. എന്നാൽ, യൂണിവേഴ്‌സിറ്റികളിലെ ഭരണം നഷ്ടപ്പെട്ടതിൽ എസ്എഫ്‌ഐക്കാർ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പ്രതിഷേധിക്കുകയാണ്. വിദ്യാർഥികളല്ല, അവരിൽ പലരും ക്രിമിനലുകളാണ്- ഗവർണർ പറഞ്ഞു.

കേരള പൊലീസിനെ പുകഴ്ത്തിയും ഗവർണർ രംഗത്തെത്തി. ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസാണ് കേരളത്തിലേതെന്ന് ഗവർണർ പറഞ്ഞു. അതേസമയം ഗവർണർ സെമിനാർ ഹാളിൽ നിന്നും പുറത്തിറങ്ങിയതിനു പിന്നാലെ വീണ്ടും പ്രതിഷേധവുമായി എസ്എഫ്‌ഐ പ്രവർത്തകർ രംഗത്തെത്തി. ദേശീയപാതയോരത്താണ് പ്രതിഷേധം.

ബാനറുകൾ പിടിച്ചും മുദ്രാവാക്യങ്ങൾ ഉയർത്തിയുമാണ് പ്രതിഷേധിക്കുന്നത്. ഗവർണർ കടന്നുപോകുന്നതിനിടെ പ്രതിഷേധക്കാർ കരിങ്കൊടി ഉയർത്തി. നേരത്തെ പരീക്ഷാഭവന് മുന്നിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരാണ് പിന്നീട് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ആർഷോയുടെ നേതൃത്വത്തിൽ പ്രകടനമായെത്തി ദേശീയപാതയിലേക്ക് ഇറങ്ങിയത്.

ഈ സമയം ഇതുവഴി ഗവർണർ കടന്നുപോവുകയും ചെയ്തു. പ്രതിഷേധക്കാരെ തടയാൻ പൊലീസ് ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഇതിനിടെ, ദേശീയപാതയോരത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് എസ്എഫ്‌ഐക്കാർ.

അതേസമയം, സർവകലാശാല സിൻഡിക്കേറ്റുകളിൽ നിയമിച്ച ആർഎസ്എസ് നോമിനികളെ പുറത്താക്കുംവരെ കൂടുതൽ വിദ്യാർഥികളെ അണിനിരത്തി പ്രതിഷേധം ശക്തമായി തുടരുമെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പി.എം ആർഷോ മീഡിയവണിനോട് പറഞ്ഞു. കോഴിക്കോട് സർവകലാശാലയിൽ നിന്നും തിരുവനന്തപുരത്തേക്കാണ് ഗവർണർ മടങ്ങുന്നത്.

കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും 5. 50ന്റെ വിമാനത്തിൽ അദ്ദേഹം തിരുവനന്തപുരത്തേക്ക് പോകും. നേരത്തെ രാത്രി എട്ടിനുള്ള വിമാനത്തിൽ പോകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പ്രതിഷേധം കണക്കിലെടുത്താണ് മടക്കം നേരത്തെയാക്കിയതെന്നാണ് വിവരം.

Similar Posts