കേരള സർവകലാശാല സെനറ്റ് വിവാദത്തിൽ മന്ത്രി ആർ. ബിന്ദുവിനെതിരെ ഗുരുതര ആരോപണവുമായി ഗവർണർ
|പ്രോ ചാൻസലർ പദവി ഉപയോഗിച്ച് മന്ത്രി സെനറ്റ് യോഗത്തിൽ പങ്കെടുത്തത് നിയമവിരുദ്ധമാണെന്ന് ഗവർണർ പറഞ്ഞു.
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെതിരെ ഗുരുതര ആരോപണവുമായി ഗവർണർ. പ്രോ ചാൻസലർ പദവി ഉപയോഗിച്ച് മന്ത്രി സെനറ്റ് യോഗത്തിൽ പങ്കെടുത്തത് നിയമവിരുദ്ധമാണെന്ന് ഗവർണർ പറഞ്ഞു.
യോഗം വിളിക്കാൻ താൻ ചുമതലപ്പെടുത്തിയത് വൈസ് ചാൻസലറെയാണ്. പ്രോ ചാൻസലർക്ക് ഇതിൽ ഇടപെടാൻ യാതൊരു അധികാരവുമില്ല. കോടതിയേയും നിയമത്തേയും പോലും സർക്കാർ ബഹുമാനിക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു.
ആരാണ് ഉന്നത വിദ്യാഭ്യാസമേഖലയിൽ പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നതെന്ന് കേരളത്തിലെ കൊച്ചു കുട്ടികൾക്ക് പോലും അറിയാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇന്നലെ ചേർന്ന കേരള സർവകലാശാല സെനറ്റ് യോഗത്തിൽ മന്ത്രിയും വി.സി മോഹനൻ കുന്നുമ്മലും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. സെർച്ച് കമ്മിറ്റി പ്രതിനിധിയെ നിശ്ചയിക്കേണ്ടെന്ന് ഇടത് അംഗം പ്രമേയം അവതരിപ്പിച്ചു. പ്രമേയം പാസായെന്നും യോഗം അവസാനിച്ചെന്നും മന്ത്രി പറഞ്ഞതോടെ ഇതിനെ എതിർത്ത് വി.സി രംഗത്തെത്തുകയായിരുന്നു.