Kerala
After two hours of dramatic scenes on the Kollam Nilamel, Governor Arif Mohammad Khan returns ending the street protest
Kerala

നിലമേലിൽ രണ്ടു മണിക്കൂർ നാടകീയരംഗങ്ങൾ; ഒടുവിൽ 'കുത്തിയിരിപ്പ്' സമരം അവസാനിപ്പിച്ച് ഗവർണർ മടങ്ങി

Web Desk
|
27 Jan 2024 8:00 AM GMT

കൊല്ലം സദാനന്ദപുരത്ത് സ്വകാര്യചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം നടന്നത്

കൊല്ലം: നിലമേലിൽ രണ്ടു മണിക്കൂർ നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ പ്രതിഷേധം അവസാനിപ്പിച്ച് ഗവർണർ മടങ്ങി. എസ്.എഫ്.ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനു പിന്നാലെയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽനിന്ന് ഇറങ്ങി റോഡരികിൽ കസേരയിട്ട് പ്രതിഷേധിച്ചത്. ഒടുവിൽ റേഞ്ച് ഡി.ഐ.ജി നിശാന്തിനി ഐ.പി.എസ് സ്ഥലത്തെത്തി പ്രതിഷേധം നടത്തിയ 17 പേർക്കെതിരെ കേസെടുത്തതിന്റെ എഫ്.ഐ.ആർ പകർപ്പ് കാണിച്ചതോടെയാണ് അദ്ദേഹം വഴങ്ങിയത്. തുടർന്ന് കാറിൽ മടങ്ങുകയായിരുന്നു.

കൊല്ലം സദാനന്ദപുരത്ത് സ്വകാര്യചടങ്ങിൽ പങ്കെടുക്കാനാണ് ഗവർണർ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടത്. 10.45ഓടെ നിലമേലെത്തിയപ്പോൾ 60 ഓളം എസ്.എഫ്.ഐ പ്രതിഷേധവുമായി രംഗത്തെത്തി. സംഘി ഗവർണർ ഗോബാക്ക് എന്ന് ആക്രോശിച്ച് ഗവർണറുടെ വാഹനവ്യൂഹത്തിനുനേരെ പ്രവർത്തകർ കരിങ്കൊടി വീശി.

ഇതോടെ വാഹനത്തിൽനിന്ന് പുറത്തിറങ്ങിയ ഗവർണർ പ്രതിഷേധക്കാർക്ക് നടുവിലേക്ക് ചെന്നു. പിന്നീട് പൊലീസിനുനേരെയും തിരിഞ്ഞു. മുഖ്യമന്ത്രിക്കുനേരെയും ഇതുപോലെ പ്രതിഷേധത്തിന് അവസരമൊരുക്കുമോയെന്നു ചോദിച്ച് പൊലീസിനെ രൂക്ഷമായ ഭാഷയിൽ ശകാരിച്ചു.

തുടർന്ന് തൊട്ടടുത്തുള്ള ചായക്കടയിൽനിന്ന് കസേര പുറത്തേക്കിട്ട് കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പൊലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും വാഹനത്തിൽ കയറാൻ കൂട്ടാക്കിയില്ല. സമരക്കാർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. 12 പേർക്കെതിരെ കേസെടുത്തെന്ന് പൊലീസ് അറിയിച്ചെങ്കിലും പ്രതിഷേധിച്ച എല്ലാവർക്കുമെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കസേരയിൽ ഇരിപ്പുറപ്പിച്ചു.

ഇതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സെക്രട്ടറിയെ വിളിച്ച് വിവരം അറിയിച്ചു. ഇതിനിടെ ഡി.ജി.പി ഗവർണറെ വിളിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, ഡി.ജി.പിയോടും അദ്ദേഹം ക്ഷുഭിതനായി. സമരത്തിൽനിന്നു പിന്മാറണമെന്ന ആവശ്യം അദ്ദേഹം ചെവികൊണ്ടില്ല. ഒടുവിലാണ് റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തിയത്. 17 പേർക്കെതിരെ കേസെടുത്തതിന്റെ എഫ്.ഐ.ആർ പകർപ്പ് കാണിച്ചതോടെ ഗവർണർ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് തിരിക്കുകയായിരുന്നു. വൻ പൊലീസ് സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

ഇതിനിടെ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു. പ്രതിഷേധക്കാരെ പിന്തുണയ്ക്കുന്നത് മുഖ്യമന്ത്രിയാണെന്നും കൂലികൊടുത്തവരാണ് പ്രതിഷേധക്കാരെന്നും അദ്ദേഹം ആരോപിച്ചു. തന്റെ കാർ ആക്രമിക്കാൻ ശ്രമം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.

Summary: After two hours of dramatic scenes on the Kollam Nilamel, Governor Arif Mohammad Khan returns ending the street protest

Similar Posts