'ഗെറ്റ് ഔട്ട്'; ആക്രോശിച്ച് ഗവർണർ, മാധ്യമപ്രവർത്തകരെ അപമാനിച്ച് ഇറക്കിവിട്ടു
|മെയിൽ കിട്ടിയിട്ടുണ്ട്, അനുമതി ലഭിച്ചിട്ടുണ്ടെന്ന കാര്യം റിപ്പോർട്ടർ ചൂണ്ടിക്കാട്ടിയപ്പോഴും വാദിക്കാൻ നിൽക്കേണ്ട, ഇറങ്ങിപ്പോകണം എന്ന് ഗവർണർ ആവർത്തിക്കുകയായിരുന്നു
കൊച്ചി: ''കേഡർ മാധ്യമപ്രവർത്തകരുണ്ടെങ്കിൽ ഇറങ്ങിപ്പോകണം. കൈരളിയിൽനിന്നും മീഡിയവണിൽനിന്നും ആരെങ്കിലും ഇവിടെയുണ്ടോ? ഉണ്ടെങ്കിൽ അവരോട് സംസാരിക്കില്ല. അവർ ഇറങ്ങിപ്പോകണം. 'ഗെറ്റ് ഔട്ട്'...''
വാർത്താസമ്മേളനത്തിൽനിന്ന് ആക്രോശവുമായാണ് മീഡിയവൺ, കൈരളി ടി.വി റിപ്പോർട്ടർമാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇറക്കിവിട്ടത്. രാജ്ഭവനിൽനിന്ന് അനുമതി ലഭിച്ച കാര്യം ചൂണ്ടിക്കാണിച്ചിട്ടും റിപ്പോർട്ടർമാരെ പുറത്താക്കുകയായിരുന്നു.
അനുമതി ലഭിച്ച ശേഷമാണ് മീഡിയവൺ റിപ്പോർട്ടർ മുഹ്‌സിന അസ്സുവും ക്യാമറാമാനും വാർത്താസമ്മേളനത്തിനെത്തുന്നത്. രാവിലെ എട്ടരയ്ക്കു മുൻപ് എത്താനായിരുന്നു മെയിൽ വഴി രാജ്ഭവനിൽനിന്ന് ആവശ്യപ്പെട്ടത്. കൃത്യസമയത്തു തന്നെ മീഡിയവൺ സംഘം സ്ഥലത്തെത്തി.
എന്നാൽ, കേഡർ മാധ്യമപ്രവർത്തകരുണ്ടെങ്കിൽ പോകണമെന്ന് ഗവർണർ എത്തിയ ഉടൻ തന്നെ ആവശ്യപ്പെട്ടു. പിന്നീടാണ് പേരെടുത്തു വിളിച്ച് ഗവർണർ ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്. മീഡിവൺ ഇവിടെയുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്നു പറഞ്ഞപ്പോൾ ഗവർണറുടെ മറുപടി 'get out' എന്നായിരുന്നു. മെയിൽ കിട്ടിയിട്ടുണ്ട്, അനുമതി ലഭിച്ചിട്ടുണ്ടെന്ന കാര്യം റിപ്പോർട്ടർ ചൂണ്ടിക്കാട്ടിയപ്പോഴും വാദിക്കാൻ നിൽക്കേണ്ട, ഇറങ്ങിപ്പോകണം എന്ന് ഗവർണർ ആവർത്തിക്കുകയായിരുന്നു.
മീഡിയവണിനൊപ്പം കൈരളിയെയും വാർത്താസമ്മേളത്തിൽനിന്ന് ഇറക്കിവിട്ടിട്ടുണ്ട്. ഇരു ചാനലിന്റെയും പ്രതിനിധികൾ ഇറങ്ങിപ്പോകണമെന്നും ഗവർണർ പറഞ്ഞു. ഗവർണർക്കെതിരെ കാംപയിൻ നടത്തുന്നുവെന്ന് ആരോപിച്ചാണ് ഗവർണറുടെ നടപടി.
കഴിഞ്ഞ ദിവസം കൊച്ചിയിൽ സ്വകാര്യ പരിപാടിക്കായി എത്തിയതായിരുന്നു ഗവർണർ. ഇന്ന് തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിനു മുൻപ് കൊച്ചിയിൽ വാർത്താസമ്മേളനം വിളിച്ചിരുന്നു. ഇതിനായി, നേരത്തെ മീഡിയവൺ രാജ്ഭവനിലേക്ക് ഇ-മെയിൽ വഴി അനുമതി തേടി അപേക്ഷ അയച്ചു. തുടർന്ന് അനുമതി നൽകിക്കൊണ്ട് രാജ്ഭവനിൽനിന്ന് മറുപടിയും ലഭിച്ചു. എന്നാൽ, ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും ഗവർണർ അംഗീകരിക്കാൻ കൂട്ടാക്കിയില്ല.