ഇന്ന് തന്നെ രാജിവെക്കണമെന്ന് കേരളാ വി.സിയോട് ഗവർണർ
|രാജിവെക്കില്ലെന്നും പുറത്താക്കണമെങ്കിൽ ആവാമെന്നും കേരളാ സർവകലാശാല വി.സി അറിയിച്ചു. നാളെ കാലാവധി അവസാനിക്കാനിരിക്കെയാണ് കേരളാ വി.സിയോട് ഇന്ന് രാജിയാവശ്യപ്പെട്ടത്.
തിരുവനന്തപുരം: കേരള സർവകലാശാല വി.സിയോട് ഗവർണർ നേരിട്ടു വിളിച്ച് രാജിയാവശ്യപ്പെട്ടു. ഇന്ന് തന്നെ രാജിവെക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലത്തെ തിയ്യതിയിലാണ് രാജി നൽകാൻ ആവശ്യപ്പെട്ടത്. പകരം ചുമതല ആരോഗ്യ സർവകലാശാല വി.സിക്ക് നൽകാനും നിർദേശിച്ചിട്ടുണ്ട്.
എന്നാൽ രാജിവെക്കില്ലെന്നും പുറത്താക്കണമെങ്കിൽ ആവാമെന്നും വി.സി അറിയിച്ചു. നാളെ കാലാവധി അവസാനിക്കാനിരിക്കെയാണ് കേരളാ വി.സിയോട് ഇന്ന് രാജിയാവശ്യപ്പെട്ടത്. വി.സി രാജിയാവശ്യം നിരസിച്ചതോടെയാണ് ഗവർണർ വി.സിമാരുടെ കൂട്ട രാജിയാവശ്യപ്പെട്ടത്.
സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വി.സിമാരോടാണ് ഗവർണർ രാജിയാവശ്യപ്പെട്ടത്. നാളെ രാവിലെ 11.30ന് മുമ്പ് രാജിവെക്കണമെന്നാണ് ആവശ്യം. സാങ്കേതിക സർവകലാശാല വി.സിയുടെ നിയമനം സുപ്രിംകോടതി റദ്ദാക്കിയതിന്റെ പിൻബലത്തിലാണ് ഗവർണർ മറ്റു സർവകലാശാല വി.സിമാരോടും രാജിയാവശ്യപ്പെട്ടിരിക്കുന്നത്.