തനിക്കെതിരായ വിമർശനങ്ങൾക്ക് കാരണം ചെന്നിത്തലയും സതീശനും തമ്മിലെ തർക്കം, സർക്കാർ വിമർശിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍
|പ്രതിപക്ഷത്തിന് ഡി ലിറ്റ് വിഷയത്തെ കുറിച്ച് ഒന്നും അറിയില്ലെന്ന് ഗവര്‍ണര്‍
സംസ്ഥാന സര്‍ക്കാര്‍ തന്നെ ഇതുവരെ വിമർശിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷത്തിന് ഡി ലിറ്റ് വിഷയത്തെ കുറിച്ച് ഒന്നും അറിയില്ല. മുന്‍ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും തമ്മില്‍ തര്‍ക്കമാണ്. പ്രതിപക്ഷം തനിക്കെതിരെ തിരിയാന്‍ കാരണം ഇതാണെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
കണ്ണൂർ സർവകലാശാല വി.സി നിയമനത്തിനെതിരെ ഗവർണർ പരസ്യമായി പ്രതികരിച്ചിരുന്നു. തന്‍റെ വാ മൂടിക്കെട്ടിയിരിക്കുകയാണെന്ന് ഗവർണർ പറഞ്ഞു. ചാന്‍സലറായി തുടരാന്‍ താത്പര്യമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. പിന്നാലെയാണ് രാഷ്ട്രപതിക്ക് ഡി- ലിറ്റ് നൽകാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശിപാർശ ചെയ്തത് സർക്കാർ ഇടപെട്ട് തടഞ്ഞെന്ന ആരോപണം രമേശ് ചെന്നിത്തല ഉയര്‍ത്തിയത്. ഈ വിഷയത്തില്‍ രമേശ് ചെന്നിത്തലയും വി ഡി സതീശനും പരസ്പരവിരുദ്ധമായ നിലപാട് സ്വീകരിച്ചു.
രാഷ്ട്രപതി റാംനാഥ് കോവിന്ദിന് ഡിലിറ്റ് നൽകാനുള്ള ശിപാർശ തള്ളിയതാണ് ഗവർണർ - സർക്കാർ പോരിന്റെ അടിസ്ഥാനമെന്ന ഏറെ രാഷ്ട്രീയ മാനങ്ങളുള്ള വെളിപ്പെടുത്തൽ തൊടുത്തുവിട്ടത് രമേശ് ചെന്നിത്തലയാണ്. സംസ്ഥാന സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്തിയായിരുന്നു ചെന്നിത്തലയുടെ ആക്രമണം. എന്നാൽ വി.ഡി.സതീശൻ വിഷയം ഏറ്റെടുത്തപ്പോൾ ഗവർണറെ പ്രതിക്കൂട്ടിലാക്കി. രാഷ്‌ട്രപതിക്ക് ഡി ലിറ്റ് നൽകാൻ ഗവർണർ ശിപാർശ ചെയ്‌തെങ്കിൽ അത് തെറ്റാണെന്നായിരുന്നു വി ഡി സതീശന്‍റെ നിലപാട്.