Kerala
ഗവർണറെ പൂട്ടാൻ സർക്കാർ ആലോചന; ചാൻസലർ പദവിയിൽ നിന്ന് മാറ്റുന്നത് സജീവ ചർച്ചയിൽ
Kerala

ഗവർണറെ പൂട്ടാൻ സർക്കാർ ആലോചന; ചാൻസലർ പദവിയിൽ നിന്ന് മാറ്റുന്നത് സജീവ ചർച്ചയിൽ

Web Desk
|
26 Oct 2022 12:47 AM GMT

ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗവും ചാൻസലർ പദവി സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്‌തേക്കും

ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റുന്നത് ഇടത് മുന്നണി ഗൗരവമായി ആലോചിക്കുന്നു. ചാൻസലർ പദവി ഉപയോഗിച്ചുള്ള ഗവർണറുടെ ഇടപെടലുകളിൽ മുന്നണിക്കുള്ളിൽ കടുത്ത എതിർപ്പാണുള്ളത്. ഇന്ന് ചേരുന്ന മന്ത്രിസഭ യോഗവും ചാൻസലർ പദവി സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്‌തേക്കും

കേരളത്തിലെ സർവ്വകലാശാല വിസിമാരെ പുറത്താക്കാനുള്ള ഗവർണറുടെ തീരുമാനം വന്നതോടെയാണ് ചാൻസലർ പദവി ഏറ്റെടുക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ഇടത് മുന്നണിയിൽ സജീവമായത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇതിൻരെ സൂചനകൾ കഴിഞ്ഞ ദിവസം നൽകിയിരിന്നു. ഇതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയും സമാനമായ നിലപാട് മുന്നോട്ട് വെച്ചത്.

മുന്നണി തലത്തിൽ വിശദചർച്ചകൾക്കൊടുവിൽ മാത്രമേ അന്തിമ തീരുമാനത്തിലേക്ക് എത്തിച്ചേരുകയുള്ളു. ചാൻസലർ പദവിയിൽ ആരിഫ് മുഹമ്മദ് ഖാൻ തുടർന്നാൽ സർവ്വകലാശാലകളിൽ തുടരെ തുടരെ പ്രതിസന്ധിയുണ്ടാക്കുമെന്ന് സർക്കാരിനും മുന്നണിക്കും ഉറപ്പുണ്ട്. ഇതെല്ലാം പരിഗണിച്ചാൽ മറ്റ് ചില സംസ്ഥാനങ്ങൾ ചെയ്ത പോലെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ മുന്നണിക്കുള്ളിൽ സജീവമാക്കിയത്. ചാൻസലറെ മാറ്റിക്കൊണ്ട് മന്ത്രിസഭ ഓർഡിനൻസ് ഇറക്കിയാലും നിയമസഭ ബിൽ പാസാക്കിയാലും ഗവർണർ ഒപ്പിട്ടാലേ അത് നിയമം ആകു എന്ന പ്രതിസന്ധിയും സർക്കാരിന് മുന്നണിലുണ്ട്.

അതേസമയം സര്‍ക്കാരിനെ തുടര്‍ച്ചയായി പ്രതിസന്ധിയിലാക്കുന്ന ഗവര്‍ണര്‍ക്കെതിരെ ഇടത് മുന്നണിയുടെ പരസ്യപ്രതിഷേധം ഇന്നും തുടരും. വൈകിട്ട് ലോക്കല്‍ തലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രതിഷേധം. ഇന്നലെ തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടി സിപിഎം സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദനാണ് ഉദ്ഘാടനം ചെയ്തത്. നവംബര്‍ 15 ന് നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കും.

Similar Posts