ഗവർണർക്കെതിരെ തുറന്ന പോരിനൊരുങ്ങി സർക്കാർ; പ്രതിപക്ഷത്ത് ഭിന്നാഭിപ്രായം
|പ്രതിപക്ഷനേതാവ് ഗവർണറുടെ നടപടി സ്വാഗതം ചെയ്തപ്പോൾ ലീഗും ആർഎസ്പിയും ഗവർണറെ പൂർണമായും പിന്തുണക്കാൻ തയ്യാറായിട്ടില്ല.
തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് വി.സിമാരോട് രാജിയാവശ്യപ്പെട്ട ഗവർണറുടെ നടപടിക്ക് വഴങ്ങേണ്ടെന്ന് സർക്കാർ തീരുമാനം. ഗവർണറെ രാഷ്ട്രീയമായും നിയമപരമായും നേരിടാനൊരുങ്ങുകയാണ് സർക്കാറും എൽഡിഎഫും. ഗവർണർക്കെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭം എൽഡിഎഫ് നേതൃത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിസിമാരുടെ രാജി ആവശ്യപ്പെട്ടുള്ള ഗവർണറുടെ അസാധാരണ നീക്കം. ഗവർണറുടേത് സംഘ്പരിവാർ അജണ്ടയാണെന്ന വിശദീകരിച്ച് പ്രതിരോധം തീർക്കുകയാണ് സിപിഎമ്മും മുന്നണിയും. ഗവർണർക്ക് മറുപടി പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താസമ്മേളനം നടത്തും. രാവിലെ 10.30ന് പാലക്കാടാണ് വാർത്താസമ്മേളനം.
ഗവർണർ സർക്കാരിനെതിരെ നടത്തുന്ന നീക്കങ്ങൾക്ക് പരസ്യ മറുപടി നൽകാനാണ് എൽഡിഎഫ് തീരുമാനം. അടുത്ത മാസം 15 ന് രാജ്ഭവനിലേക്ക് മാർച്ചും എല്ലാം ജില്ലകളിലും കാമ്പസുകളിലും കൺവൻഷനുകളും നടത്താനും തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് ഗവർണറുടെ അസാധാരണ നീക്കമുണ്ടായത്. ഇതോടെ ഗവർണർക്കെതിരെ കൂടുതൽ കടുത്ത പരാമർശങ്ങളുമായി സിപിഎം നേതൃത്വം രംഗത്ത് വന്നു. ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുകയാണ് ഗവർണറെന്നും അതിന് വഴങ്ങില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുറന്നടിച്ചു.
മറുവശത്ത് പ്രതിപക്ഷത്തുനിന്നുള്ള പ്രതികരണങ്ങളിൽ ആശയ കുഴപ്പം നിഴലിച്ചു. പ്രതിപക്ഷം ഇത്രയും നാളും ചൂണ്ടികാട്ടിയ തെറ്റ് തിരുത്തുകയാണ് ഗവർണർ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സമാനനിലപാട് കെ മുരളീധരൻ എംപിയും സ്വീകരിച്ചു. നിയമനങ്ങളിൽ അതൃപ്തി ഉണ്ടെങ്കിലും ഗവർണറുടെ നടപടിയെ പൂർണമായും പിന്തുണയ്ക്കാൻ ലീഗും ആർഎസ്പിയും തയ്യാറായില്ല. മറുവശത്ത് ബിജെപി ഗവർണർക്ക് പൂർണ പിന്തുണയുമായി എത്തി. തെരുവിൽ നേരിടാനാണ് തീരുമാനമെങ്കിൽ തിരിച്ചു പ്രതീക്ഷിക്കാമെന്നാണ് കെ സുരേന്ദ്രന്റെ മുന്നറിയിപ്പ്.