'മിഠായി തെരുവിൽ ഹലുവ വാങ്ങാൻ പോയപ്പോൾ ഒരു സെക്യൂരിറ്റിയും വേണ്ടിവന്നില്ലല്ലോ? ഗവർണർ വിഡ്ഢി വേഷം കെട്ടുന്നത് കേന്ദ്ര പിന്തുണയോടെ'; എം.വി ഗോവിന്ദൻ
|'എക്‌സ്' പോയ 'വൈ' വരും, അതുകൊണ്ട് തിരിച്ച് വിളിക്കുന്ന കാര്യത്തിൽ രാഷ്ട്രീയ തീരുമാനം വരണമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിഡ്ഢി വേഷം കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയോടെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
'മിഠായി തെരുവിൽ ഹലുവയും മിഠായിയും വാങ്ങാൻ പോയപ്പോൾ ഒരു സെക്യൂരിറ്റിയും ഗവര്‍ണര്‍ക്ക് വേണ്ടിവന്നില്ലല്ലോ? ഇന്നലെ തന്‍റെ വണ്ടിക്ക് അടിച്ചു എന്ന് ഗവര്‍ണര്‍ പറഞ്ഞത് ശുദ്ധ കളവാണെന്ന് മാധ്യമങ്ങൾ തന്നെ വ്യക്തമാക്കി. പ്രതിഷേധക്കാർ വാഹനത്തിന് അടുത്ത് പോലും എത്തിയില്ല. പലതുമെന്ന പോലെ ഇതും കളവാണ്. പലതും ഉദ്ദേശിച്ച് കെട്ടുന്ന വിഡ്ഢി വേഷം കേരളത്തിൽ ഏശില്ല. 'എക്‌സ്' പോയ 'വൈ' വരും, അതുകൊണ്ട് തിരിച്ച് വിളിക്കുന്ന കാര്യത്തിൽ രാഷ്ട്രീയ തീരുമാനം വരണം.'.. എം.വി ഗോവിന്ദന്‍ പറഞ്ഞു.
'സിആർപിഎഫ് വന്നത് കൊണ്ട് പ്രതിഷേധം അവസാനിക്കില്ല. പ്രഖ്യാപിച്ച പ്രതിഷേധങ്ങളെല്ലാം ആര് വന്നാലും നടക്കും. കേന്ദ്ര സുരക്ഷ ഏർപ്പെടുത്തുന്നതിൽ മാത്രമല്ല, ഒന്നിലും നടപടിക്രമം പാലിച്ചിട്ടില്ല. നിയമപ്രകാരമെങ്കിൽ ഗവർണർ ഇങ്ങനെ പെരുമാറുമോ എന്നും എം.വി ഗോവിന്ദൻ ചോദിച്ചു.