ഗവർണർ വിദ്യാഭ്യാസ മേഖലയിൽ സംഘ്പരിവാർ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നു-എം.ഐ അബ്ദുൽ അസീസ്
|സംഘ്പരിവാറിന് വിധേയപ്പെടുന്ന നിലപാട് ആരുടെ ഭാഗത്തു നിന്നുണ്ടായാലും എതിർക്കപ്പെടേണ്ടതാണ്.
തിരൂർ: കേരള ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംഘ്പരിവാർ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്. ഇതിനെ ചെറുത്തുതോൽപ്പിക്കാൻ കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സംഘ്പരിവാറിന് വിധേയപ്പെടുന്ന നിലപാട് ആരുടെ ഭാഗത്തു നിന്നുണ്ടായാലും എതിർക്കപ്പെടേണ്ടതാണ്. കേരളത്തിലെ പൊലീസ് സംവിധാനത്തിൽ സംഘ്പരിവാർ സ്വാധീനമുണ്ട്. അതിനെ അടിമുടി അഴിച്ചു പണിയാനുള്ള ആർജവം ഇടതുപക്ഷ സർക്കാർ പ്രകടിപ്പിക്കേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയിൽ ലിബറൽ ആശയങ്ങൾ അടിച്ചേൽപ്പിക്കാനാണ് കേരള സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ജെൻഡർ ന്യൂട്രൽ ആശയങ്ങൾ നടപ്പിലാക്കുന്നതിൽ നിന്ന് പൂർണമായും പിൻവാങ്ങണമെന്നും അമീർ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി കേരള സംഘടിപ്പിച്ച അധ്യാപക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെൻഡർ ന്യൂട്രാലിറ്റി നമ്മുടെ സമീപനം എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം ടി. മുഹമ്മദ് വേളവും പാഠ്യപദ്ധതിയും ജെൻഡർ ന്യൂട്രൽ ആശയങ്ങളും എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂരും സംസാരിച്ചു. ബഷീർ ഹസൻ നദ്വി അധ്യക്ഷത വഹിച്ചു. മലിക് ഷഹബാസ് സ്വാഗതവും ഹബീബ് ജഹാൻ സമാപനവും നിർവഹിച്ചു.