ബില്ലുകൾ ഗവർണക്ക് മുന്നിലേക്ക്; ഒപ്പിടുന്നതിൽ രാജ്ഭവന്‍ നിയമോപദേശം തേടിയേക്കും
|ബില്ലുകൾ പാസാക്കുക എന്ന നിയമപരമായ കടമ്പ സർക്കാർ കടന്നെങ്കിലും ഇനിയുള്ളതാണ് വലിയ വെല്ലുവിളിയാണ്
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്ലിലും ചാൻസലറുടെ അധികാരം കുറയ്ക്കുന്ന സർവകലാശാല ഭേദഗതി ബില്ലിലും ഒപ്പിടുന്നതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ നിയമോപദേശം തേടാൻ സാധ്യത. അസാധുവാക്കപ്പെട്ട ഓർഡിനൻസുകൾ ബില്ലാക്കിയെങ്കിലും ഗവർണർ ഒപ്പിടുമോയെന്ന ആശങ്ക സർക്കാറിനുണ്ട്.
11 ഓർഡിനൻസുകളിൽ ഗവർണർ ഒപ്പിടാതെ അസാധുവായ അസാധാരണ സാഹചര്യത്തിലാണ് സർക്കാർ നിയമസഭ സമ്മേളനം വിളിച്ച് ബില്ലുകൾ പാസാക്കിയത്. എന്നാൽ ബില്ലുകൾ പാസാക്കുക എന്ന നിയമപരമായ കടമ്പ സർക്കാർ കടന്നെങ്കിലും ഇനിയുള്ളതാണ് വലിയ വെല്ലുവിളിയാണ്. ഗവർണർക്ക് മുന്നിലേക്കാണ് ബില്ലുകൾ എത്തുന്നത്.
സർക്കാരുമായുള്ള യുദ്ധത്തിൽ വെടിനിർത്തലിന് ഗവർണർ ഇതുവരെ തയ്യാറായിട്ടില്ല. നിയമസഭ പാസാക്കിയെങ്കിലും താൻ ഒപ്പിട്ടാലേ നിയമമാകൂ എന്ന ഗവർണറുടെ വാക്കുകളിൽ ചില സൂചനകളുമുണ്ട്. അതായത് സർക്കാർ വഴങ്ങി ഉടനെയൊന്നും ഗവർണർ രണ്ട് ബില്ലുകളിൽ ഒപ്പിട്ടേക്കില്ല. ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ നേരത്തെ ഒപ്പിട്ടതായത് കൊണ്ട് അത് രാഷ്ട്രപതിക്ക് അയച്ചാൽ ചില ചോദ്യങ്ങൾ ഉയർന്നേക്കാം. അതുകൊണ്ട് നിയമോപദേശം തേടാനാണ് രാജ് ഭവൻ ആലോചിക്കുന്നത്. ചാൻസലർ എന്ന നിലയിൽ തന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന സർക്കാർ നടപടിയിലും ഗവർണർക്ക് യോജിപ്പില്ല. ആ ബില്ലിലെ ഗവർണറുടെ തുടർ നടപടി സർക്കാർ ഉറ്റ് നോക്കുന്നുണ്ട്. ഇതിലും നിയമോപദേശം തേടാനുള്ള സാധ്യതയുണ്ട്. ഭരണഘടനയുടെ 200 ാം അനുഛേദപ്രകാരമാണ് ഗവർണർ ബില്ലിൽ ഒപ്പ് വയ്ക്കുന്നത്.
എന്നാൽ ഒരു ബിൽ നിയമസഭ പാസ്സാക്കി അയച്ചാൽ എത്രനാളിനുള്ളിൽ ഗവർണർ അതിൽ ഒപ്പിടണമെന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നില്ല. ഗവർണർക്ക് വേണമെങ്കിൽ അനിശ്ചിതമായി നീട്ടി കൊണ്ട് പോകാൻ കഴിയും. പക്ഷേ സർക്കാർ തീരുമാനങ്ങളിൽ ഗവർണറുടെ തുടർനടപടി വൈകരുതെന്ന പേരറിവാളൻ കേസിലെ അടക്കം സുപ്രിംകോടതി വിധികൾ അനുകൂലമാണെന്നാണ് സർക്കാർ വാദം. എന്തായാലും ബില്ലുകളിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ അത് നിയമപോരാട്ടങ്ങളിലേക്കും വഴി വെച്ചേക്കും.