വിവാദ ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ; തിരിച്ചയക്കാനും സാധ്യതകുറവ്
|നിർണായകമായ ലോകായുക്ത നിയമഭേദഗതി ബിൽ,സർവകലാശാല ഭേദഗതി ബിൽ എന്നിവയിൽ ഒപ്പിടില്ലെന്ന് ഗവർണർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തുടർ നടപടികളിൽ സർക്കാരിനും അവ്യക്തതയുണ്ട്
തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി ഇടഞ്ഞ് നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭ പാസാക്കിയ വിവാദ ബില്ലുകളിൽ ഒപ്പിടുന്നത് അനിശ്ചിതമായി നീട്ടുന്നു. ലോകായുക്ത നിയമഭേദഗതി ബിൽ, സർവകലാശാല ഭേദഗതി ബിൽ എന്നിവയിലാണ് ഗവർണർ തീരുമാനമെടുക്കാതിരിക്കുന്നത്. ബില്ലുകൾ നിയമസഭയ്ക്ക് തിരിച്ചയക്കുന്നതിനും ഗവർണർക്ക് താത്പര്യമില്ലെന്നാണ് സൂചന.
മന്ത്രിസഭ പാസക്കിയ ഓർഡിനൻസുകളിൽ ഗവർണർ ഒപ്പിടാതെ അസാധുവായ അസാധാരണ സാഹചര്യത്തെ തുടർന്നായിരിന്നു സർക്കാർ നിയമനിർമ്മാണത്തിനായി പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചത്.12 ഓർഡിനൻസുകളിൽ ഒന്ന് സെലക്ട് കമ്മിറ്റിക്ക് വിടുകയും ബാക്കി 11 ബില്ലുകൾ പാസ്സാക്കി നിയമമാക്കാൻ ഗവർണറുടെ അനുമതിക്ക് അയക്കുകയും ചെയ്തു. ബില്ലുകൾ അയച്ച് 38 ദിവസം കഴിഞ്ഞിട്ടും പ്രധാനപ്പെട്ട ബില്ലുകളിൽ ഗവർണർ ഒപ്പ് വെച്ചിട്ടില്ല. രണ്ടെണ്ണത്തിൽ ഒഴികെ ബാക്കി ഒന്നിലും ഗവർണക്ക് തർക്കമില്ല.
ഏഴ് ബില്ലുകൾ ഒപ്പിട്ട് നിയമമാകുകയും ചെയ്തു. എന്നാൽ സർക്കാരിനെ സംബന്ധിച്ച് നിർണായകമായ ലോകായുക്ത നിയമഭേദഗതി ബിൽ,സർവകലാശാല ഭേദഗതി ബിൽ എന്നിവയിൽ ഒപ്പിടില്ലെന്ന് ഗവർണർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തുടർ നടപടികളിൽ സർക്കാരിനും അവ്യക്തതയുണ്ട്.രണ്ട് ബില്ലുകളും പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമാണെന്നാണ് ഗവർണർ പറയുന്നത്.അതുകൊണ്ട് ഒപ്പ് വെക്കില്ലെന്ന കടുത്ത നിലപാടിലും. ബില്ലിൽ സംശയമുണ്ടെങ്കിൽ ഗവർണർ അത് ചോദിച്ച് വ്യക്തത വരുത്തുകയോ ഇല്ലെങ്കിൽ തിരിച്ചയക്കുകയോ ചെയ്യമെന്നാണ് സർക്കാർ വാദം.
ബില്ലുകളിൽ ഒപ്പ് വെയ്ക്കാതെ അനിശ്ചിതമായി നീട്ടാൻ ഗവർണർക്ക് അധികാരമില്ലെന്നും സർക്കാർ പറയുന്നുണ്ട്. എന്നാൽ ബില്ലുകളിൽ ഒപ്പ് വെയ്ക്കില്ല എന്ന് മാത്രമല്ല തിരിച്ച് നിയമസഭയ്ക്ക് അയക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്നാണ് രാജ് ഭവനിലെ ഉദ്യോഗസ്ഥർ പറയുന്നത്.നിയമസഭ ഒരു ബില്ല് പാസാക്കി അയച്ചാൽ ഇത്രനാളിനുള്ളിൽ അതിൽ ഗവർണർ ഒപ്പ് വെയ്ക്കണമെന്ന് ഭരണഘടനയിൽ പറയാത്തതും സർക്കാരിന് ആശങ്കയുണ്ടാക്കുന്നുണ്ട്. എന്തായാലും ചൊവ്വാഴ്ച തലസ്ഥാനത്ത് തിരികെ എത്തുന്ന ഗവർണറുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തുടർ നീക്കങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് സർക്കാർ.