എത്ര ശതമാനം രാജ്യസ്നേഹമുണ്ടെന്ന് നോക്കാൻ ഗവർണറെ ചുമതലപ്പെടുത്തിയിട്ടില്ല: കാനം രാജേന്ദ്രൻ
|ജനാധിപത്യ സംവിധാനത്തിനും ഭരണഘടനക്കും എതിരായി ഗവർണറല്ല ആര് പ്രവർത്തിച്ചാലും അനുവദിച്ചുകൊടുക്കില്ല. ജനങ്ങളെ അണിനിരത്തി നേരിടുമെന്നും കാനം പറഞ്ഞു.
തിരുവനന്തപുരം: ഓരോരുത്തർക്കും എത്ര ശതമാനം രാജ്യസ്നേഹമുണ്ടെന്ന് നോക്കാൻ ഗവർണറെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അത് ഗവർണറുടെ പണിയല്ല. ജനാധിപത്യ സംവിധാനത്തിനും ഭരണഘടനക്കും എതിരായി ഗവർണറല്ല ആര് പ്രവർത്തിച്ചാലും അനുവദിച്ചുകൊടുക്കില്ല. ജനങ്ങളെ അണിനിരത്തി നേരിടുമെന്നും കാനം പറഞ്ഞു.
ഗവർണർക്ക് രാഷ്ട്രീയ താൽപര്യങ്ങളുണ്ട്. കേന്ദ്രത്തിൽ പല കക്ഷികൾ ഭരിച്ചപ്പോഴും ഗവർണർമാർ ഇത്തരം നീക്കങ്ങൾ നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പിലൂടെ കേരളത്തിൽ അധികാരത്തിൽ വരാൻ കഴിയാത്തതുകൊണ്ട് ബിജെപി ഗവർണറെ ഉപയോഗിച്ച് രാഷ്ട്രീയ അട്ടിമറിക്ക് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പൊലീസിനെക്കുറിച്ച് എല്ലാ കാലത്തും പരാതിയുണ്ടായിട്ടുണ്ട്. അത്തരം പരാതികൾ വന്നാൽ സർക്കാർ ഇടപെടും. പൊലീസ് അതിക്രമങ്ങളിൽ ആഭ്യന്തര വകുപ്പ് ഇടപെടുന്നില്ലെന്ന പരാതി ആർക്കുമില്ലെന്നും കാനം പറഞ്ഞു.