'കേരളീയർ ഉയർന്ന സ്വാഭിമാനവും സാമൂഹിക ബോധവും ഉള്ളവർ'; കേരളത്തെ പുകഴ്ത്തി ഗവർണർ; വി.സി നിയമനത്തിൽ വിമർശനവും
|കേരളത്തോട് എന്നും തനിക്ക് സ്നേഹമാണ്. ദേശത്തിന്റെയോ നിറത്തിന്റെയോ പേരിൽ വേർതിരിവ് കാണിക്കാത്തവരാണ് കേരളീയർ.
ന്യൂഡൽഹി: ഡൽഹിയിൽ കേരളത്തെ പുകഴ്ത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിൽ ഉള്ളവർ സ്വാഭിമാനം ഉള്ളവരാണെന്നും ഉയർന്ന സാമൂഹ്യ ബോധമുള്ളവരാണെന്നും ഗവർണർ പറഞ്ഞു. കേരളീയർ ആരോടും വിവേചനം കാണിക്കുന്നില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടി. ഡൽഹിയിൽ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗവർണർ.
ദേശത്തിന്റെയോ നിറത്തിന്റെയോ പേരിൽ വേർതിരിവ് കാണിക്കാത്തവരാണെന്നും കേരളത്തിലെ മത സംഘടനങ്ങൾ സമൂഹത്തിലെ എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്നവയാണെന്നും ഗവർണർ അഭിപ്രായപ്പെട്ടു. അത് അഭിമാനകരമായ കാര്യമാണ്. കേരളത്തോട് എന്നും തനിക്ക് സ്നേഹമാണ്.
സംഘർഷങ്ങളില്ലാതെ സാമൂഹ്യ പരിവർത്തനം നടന്ന ഇന്ത്യയിലെ എക സംസ്ഥാനമാണ് കേരളം. കേരളത്തിൽ മാത്രമാണ് സ്കൂളിനെ പള്ളിക്കൂടം എന്ന് വിളിച്ചത്. കേരളത്തിൽ വിവാദങ്ങൾ ഉള്ളതായി തനിക്ക് തോന്നിയിട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി. അതേസമയം, വി.സി നിയമനത്തിൽ ഗവർണർ സർക്കാരിനെതിരെ വിമർശനം ആവർത്തിക്കുകയും ചെയ്തു.
കേരളത്തിലെ 13ൽ 11 വിസിമാരുടെ നിയമനവും നിയമ വിരുദ്ധമാണെന്ന് ഗവർണർ പറഞ്ഞു. സുപ്രിംകോടതി വിധി നടപ്പിലാക്കുക തന്റെ ഉത്തരവാദിത്വമാണ്. ഷാബാനു കേസിലെ അതേ ഇച്ഛാശക്തിയോടെ സുപ്രിംകോടതി വിധി നടപ്പാക്കാനാണ് താൻ ശ്രമിച്ചത്.
വി.സിമാരുടെ യോഗ്യത സുപ്രിംകോടതി ചോദ്യം ചെയ്തിട്ടില്ല. നിയമിച്ച നടപടിക്രമങ്ങൾ ചട്ടം പാലിച്ചല്ല എന്നാണ് പറഞ്ഞത്. ജനവിരുദ്ധമായത് കണ്ടാൽ പിന്നെ എങ്ങനെയാണ് ഇടപെടേണ്ടതെന്ന് ചോദിച്ച ഗവർണർ തെറ്റ് തിരുത്തലുകൾക്ക് താൻ തയ്യാറാണെന്നും നിസാര തർക്കങ്ങൾക്കായി കളയാൻ സമയമില്ലെന്നും പറഞ്ഞു.
മലയാളികൾ രാജ്യത്തിന് അകത്തും പുറത്തുമായി ജോലിക്ക് പോകുന്നു. മലയാളികൾ കേരളത്തിൽ നിക്ഷേപിക്കാൻ തയ്യാറാകുന്നില്ല. ഒരു മന്ത്രിക്ക് 25 പേഴ്സണൽ സ്റ്റാഫാണ് അവിടെയുള്ളത്. ജനങ്ങളുടെ പണം പാർട്ടി വർക്കർമാർക്ക് നൽകുന്നതായും ഗവർണർ വിമർശിച്ചു. ഗവർണർ സർക്കാർ പോര് തുടരുന്നതിനിടെയാണ് കേരളത്തെ പുകഴ്ത്തിയും വി.സി നിയമനത്തിൽ വിമർശനം ആവർത്തിച്ചും ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയത്.