'കണ്ണൂർ സർവകലാശാലയിൽ പ്രഥമ ദൃഷ്ട്യാ സ്വജനപക്ഷപാതം നടന്നു'; നിലപാട് ആവർത്തിച്ച് ഗവർണർ
|വി.സി കോടതിയിൽ പോകുന്നതിൽ താനും നിയമോപദേശം തേടുമെന്നും തന്റെ കീഴിലുള്ള ഉദ്യോഗസ്ഥൻ തനിക്കെതിരെ നിയമപരമായി നീങ്ങുന്നത് അച്ചടക്ക ലംഘനമാണോ എന്ന് പരിശോധിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ
കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ പ്രഥമ ദൃഷ്ട്യാ സ്വജന പക്ഷപാതം നടന്നുവെന്ന നിലപാട് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ന് രാത്രി ന്യൂഡൽഹിയിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം നിലപാട് ആവർത്തിച്ചത്. കണ്ണൂർ സർവകലാശാലയിൽ നിയമ ലംഘനം സ്വാഭാവികമായിരിക്കുന്നുവെന്നും യോഗ്യത ഇല്ലാത്ത ആളുടെ നിയമനത്തിന് പിന്നിൽ രാഷ്ട്രീയ നാടകമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ നടപടിക്കെതിരെ വി.സി കോടതിയിൽ പോകുന്നതിൽ താനും നിയമോപദേശം തേടുമെന്നും തന്റെ കീഴിലുള്ള ഉദ്യോഗസ്ഥൻ തനിക്കെതിരെ നിയമപരമായി നീങ്ങുന്നത് അച്ചടക്ക ലംഘനമാണോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിൽ ഇടപെടേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അതാണ് താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. താൻ പറഞ്ഞതിന് ശേഷമല്ലേ പ്രത്യേക അസംബ്ലി കൂടാൻ തീരുമാനമെടുത്തതെന്നും അപ്പോൾ തന്റെ അധികാരം സർക്കാരിന് മനസിലായി കാണില്ലേയെന്നും അദ്ദേഹം ചോദിച്ചു.
താൻ ആർഎസ്എസിന്റെ ചട്ടുകമാണെന്ന വിമർശനത്തിലും അദ്ദേഹം പ്രതികരിച്ചു. ആരോപണം ഉന്നയിക്കാൻ ആർക്കും പറ്റുമെന്നും ശാബാനു കേസിന്റെ കാലത്ത് തനിക്കെതിരെ ആർഎസ്എസ് ബന്ധം ആരും ആരോപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Governor Arif Mohammad Khan has reiterated his position that there was prima facie nepotism in the appointment of associate professors in Kannur University.