'ജസ്റ്റിസ് ദേവൻരാമചന്ദ്രനുമായി ഗവർണർക്ക് എന്താണ് ബന്ധം?'- വിമർശനവുമായി എം.വി ജയരാജൻ
|''രണ്ടുപേരും ഭരണഘടന വ്യവസ്ഥയനുസരിച്ച് നിയമിക്കപ്പെട്ടവരാണ്, തെരഞ്ഞെടുക്കപ്പെട്ടവരല്ല. ഇക്കാര്യം ഡിവിഷൻ ബെഞ്ചിന്റെ വിധിയുടെ പശ്ചാത്തലത്തിൽ ഓർക്കുന്നത് നന്ന്''
കണ്ണൂർ: ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ വിമർശനവുമായി സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഗവർണറും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും തമ്മിൽ എന്താണ് ബന്ധം? കേരള സാങ്കേതിക സർവ്വകലാശാല വി.സി. നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തപ്പോഴാണ് 'ദേവൻ രാമചന്ദ്രൻ നിയമം' വീണ്ടും ചർച്ചചെയ്യേണ്ടിവരുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്ന വ്യക്തിയുടെ വിധിക്ക് നിയമബോധമുള്ള ഡിവിഷൻ ബെഞ്ച് വില കൽപിച്ചില്ലെന്ന് ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
രണ്ടുപേരും ഭരണഘടന വ്യവസ്ഥയനുസരിച്ച് നിയമിക്കപ്പെട്ടവരാണെന്നും തെരഞ്ഞെടുക്കപ്പെട്ടവരല്ലെന്നും ഇക്കാര്യം ഡിവിഷൻ ബെഞ്ചിന്റെ വിധിയുടെ പശ്ചാത്തലത്തിൽ രണ്ടുകൂട്ടരും ഓർക്കുന്നത് നന്നെന്നും ജയരാജൻ വിമർശിച്ചു. സർവ്വകലാശാല വിസി നിയമനത്തിലെ സെർച്ച് കമ്മറ്റിയിൽ ഗവർണറുടെ നോമിനി വേണമെന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ജയരാജന്‍റെ വിമർശനം.
ജയരാജന്‍റെ വാക്കുകള്‍
'ദേവൻ രാമചന്ദ്രൻനിയമ'ത്തെക്കുറിച്ച് വീണ്ടും
ഗവർണറും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും തമ്മിൽ എന്താണ് ബന്ധം എന്ന ചോദ്യം ഉയർന്നുവരികയാണ്. കേരള സാങ്കേതിക സർവ്വകലാശാല വി.സി. നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തപ്പോഴാണ് 'ദേവൻ രാമചന്ദ്രൻ നിയമം' വീണ്ടും ചർച്ചചെയ്യേണ്ടിവരുന്നത്. 2018ലെ യുജിസി ചട്ടത്തിലും കേരള നിയമസഭ പാസ്സാക്കിയ നിയമത്തിലും സാങ്കേതിക സർവ്വകലാശാല വി.സി. നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധിയെ നിയമിക്കാനുള്ള വ്യവസ്ഥയില്ല. അപ്പോൾ ഏത് നിയമമനുസരിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധി എന്ന ചോദ്യം ഡിസംബർ 9ന് ഇതെഴുതുന്നയാൾ ഉയർത്തിയിരുന്നു.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്ന വ്യക്തിയുടെ നിയമത്തിന് നിയമബോധമുള്ള ഡിവിഷൻ ബെഞ്ച് വിലകല്പിച്ചില്ലെന്നത് സ്വാഗതാർഹമാണ്. സെർച്ച് കമ്മിറ്റിയെ സംബന്ധിച്ച് കേന്ദ്രചട്ടത്തിലും സംസ്ഥാന നിയമത്തിലും അപാകതയുണ്ടായാൽ സംസ്ഥാന നിയമസഭയാണ് നിയമനിർമാണം നടത്തേണ്ടത്. അല്ലാതെ ജസ്റ്റിസുമല്ല ഗവർണറുമല്ല. ഹൈക്കോടതി ജസ്റ്റിസിനോ ഗവർണർക്കോ ഭരണഘടനാ അധികാരം നൽകിയിട്ടില്ല. രണ്ടുപേരും ഭരണഘടന വ്യവസ്ഥയനുസരിച്ച് നിയമിക്കപ്പെട്ടവരാണ്, തെരഞ്ഞെടുക്കപ്പെട്ടവരല്ല. ഇക്കാര്യം ഡിവിഷൻ ബെഞ്ചിന്റെ വിധിയുടെ പശ്ചാത്തലത്തിൽ രണ്ടുകൂട്ടരും ഓർക്കുന്നത് നന്ന്.