ഡി ലിറ്റ് വിഷയം; വിവാദമുണ്ടാക്കുന്നവർ ആദ്യം ഭരണഘടന വായിക്കണമെന്ന് ഗവർണർ
|ചെന്നിത്തല ഉയർത്തിയ ഡിലിറ്റ് വിവാദത്തിൽ ഗവർണർ തന്നെ മറുപടി പറയട്ടെയെന്നു കോടിയേരി പറഞ്ഞിരുന്നു
ഡി ലിറ്റ് വിഷയത്തിൽ വിവാദമുണ്ടാക്കുന്നവർ ആദ്യം ഭരണഘടന വായിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അനാവശ്യ വിവാദം ഉണ്ടാക്കുകയല്ല വേണ്ടതെന്നും സർവകലാശാലകൾ ബാഹ്യ സമ്മർദ്ദങ്ങൾക്ക് കീഴ്‌പ്പെടാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ നിയമവും ഭരണഘടനയും അറിഞ്ഞുവേണം പ്രതികരിക്കാനെന്നും നിരുത്തരവാദപരമായ പ്രസ്താവനകൾക്ക് മറുപടി പറയാനില്ലെന്നും ഗവർണർ വ്യക്തമാക്കി. നിയമസഭ പാസാക്കിയ നിയമപ്രകാരം സർവകലാശാലകൾ സ്വതന്ത്ര സ്ഥാപനമാണെന്നും നിയമം ഉണ്ടാക്കിയവർ തന്നെ അത് തകർത്തുവെന്നും അതുകൊണ്ടാണ് ചാൻസിലർ പദവിയിൽ തുടരാൻ ഇല്ലെന്ന് വ്യക്തമാക്കിയതെന്നും ഗവർണർ പറഞ്ഞു.
ഡി ലിറ്റ് തീരുമാനിക്കുന്നതും കൊടുക്കുന്നതും സർവകലാശാലയാണെന്നും സർക്കാരല്ലെന്നും സിപിഎം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടിരുന്നു. രമേശ് ചെന്നിത്തല ഉയർത്തിയ ഡിലിറ്റ് വിവാദത്തിൽ ഗവർണർ തന്നെ മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സർക്കാർ -ഗവർണർ തർക്കം ഗൗരവമുള്ളതാണെന്നും ഗവർണറുടെ പ്രസ്താവന തെളിയിക്കുന്നത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണെന്നും പറഞ്ഞ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഡി ലിറ്റ് വിഷയം ഉയർത്തിക്കൊണ്ടു വന്നത്. ഇന്ത്യൻ പ്രസിഡന്റിന് ഓണററി ഡി ലിറ്റ് നൽകുന്നത് തടഞ്ഞോയെന്നതടക്കം ആറു ചോദ്യങ്ങൾക്ക് മറുപടി പറയണമെന്ന് വാർത്താസമ്മേളനത്തിൽ ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ പ്രസിഡന്റിന് ഓണററി ഡി ലിറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് ചാൻസലർ കൂടിയായ ഗവർണ്ണർ കേരള സർവ്വകലാശാലാ വൈസ് ചാൻസിലർക്ക് നിർദ്ദേശം നൽകിയിരുന്നോ? എങ്കിൽ എന്നാണ് ?, ഈ നിർദ്ദേശം സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് കേരള സർവ്വകലാശാലാ വൈസ് ചാൻസിലർ നിരാകരിച്ചിരുന്നോ?, വൈസ് ചാൻസിലർ, ഗവർണ്ണറുടെ നിർദ്ദേശം സിന്റിക്കേറ്റിന്റെ പരിഗണനക്ക് വയ്ക്കുന്നതിന് പകരം സർക്കാരിന്റെ അഭിപ്രായം തേടിയോ? എങ്കിൽ അത് ഏത് നിയമത്തിന്റെ പിൻബലത്തിൽ?, ഇത്തരത്തിൽ ഡി ലിറ്റ് നൽകുന്ന വിഷയത്തിൽ ഇടപെടാൻ സർക്കാരിന് അവകാശമുണ്ടോ?, കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ കാലടി സംസ്‌കൃത സർവ്വകലാശാല വൈസ് ചാൻസിലർ, അദ്ദേഹത്തിന്റെ കാലാവധി തീരും മുൻപ് മൂന്ന് പേർക്ക് ഓണററി ഡി ലിറ്റ് നൽകാനുള്ള തീരുമാനം ഗവർണ്ണറുടെ അനുമതിക്കായി സമർപ്പിച്ചിരുന്നോ? എങ്കിൽ എന്നാണ് പട്ടിക സമർപ്പിച്ചത്? ആരുടെയൊക്കെ പേരാണ് പട്ടികയിലുള്ളത്?, ഈ പട്ടികക്ക് ഇനിയും ഗവർണ്ണറുടെ സമ്മതം കിട്ടാത്തതിന്റെ കാരണം സർവകലാശാലക്ക് ബോധ്യമായിട്ടുണ്ടോ? എന്നീ ചോദ്യങ്ങളാണ് രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നത്.
എന്നാൽ രമേശ് ചെന്നിത്തല പറയുന്നതാണോ ആത്യന്തിക സത്യമെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ മറുപടി. തെറ്റായ ആരോപണമാണ് അദ്ദേഹം ഉന്നയിച്ചതെന്നും നടപടിയിൽ സർക്കാരിന് ഒരു റോളുമില്ലെന്നും ഓണററി ബിരുദം നൽകൽ സർവകലാശാലയുടെ സ്വയംഭരണാവകാശമാണെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.
Governor Arif Mohammad Khan said that those who are controversial on the issue of D lit should read the constitution first